വേദനയിലും ദേശീയ പുരസ്കാര മധുരം പങ്കുവെച്ച് സച്ചിയുടെ പ്രിയപ്പെട്ടവർ
text_fieldsകൊടുങ്ങല്ലൂർ: വേർപാടിന്‍റെ വേദനക്കിടയിലും ദേശീയ പുരസ്കാരലബ്ദിയുടെ മധുരം പങ്കുവെച്ച് സച്ചിയുടെ സതീർഥ്യർ. കൊടുങ്ങല്ലൂരിൽ ജനിച്ച് ഈ നാടിന്‍റെ സിനിമപാരമ്പര്യത്തിന് ഖ്യാതിപകർന്ന സച്ചിയുടെ പുരസ്കാരനേട്ടത്തിന്‍റെ സന്തോഷവും വിയോഗത്തിന്‍റെ നോവും സമന്വയിച്ച ചടങ്ങ് കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹൈസ്കൂളിലാണ് നടന്നത്. ഇതേ സ്കൂളിലെ വിദ്യാർഥിയായിരുന്ന സച്ചി എന്ന സച്ചിദാനന്ദനോടൊപ്പം പഠിച്ച 1987 എസ്.എസ്സി ബാച്ച് കൂട്ടായ്മയാണ് കൂട്ടുകാരന്‍റെ വലിയ നേട്ടത്തിന് മുന്നിൽ ജന്മനാടിന്‍റെ മരണാനന്തര സ്നേഹാദരങ്ങൾ അർപ്പിച്ചത്.
ഒരു തിരക്കഥാകൃത്താകുമെന്ന് സ്വപ്നം കണ്ട തങ്ങളുടെ കൂട്ടുകാരൻ അതിലുമേറെ വളർന്ന് ഇന്ത്യൻ ചലച്ചിത്രരംഗത്തെ മികച്ച സംവിധായകനായതിന്‍റെ ആഹ്ലാദം പൂർവവിദ്യാലയത്തിലെ വിദ്യാർഥികളോടൊപ്പമാണ് അവർ പങ്കിട്ടത്.
സച്ചിയുടെ അവാർഡ് ചിത്രമായ 'അയ്യപ്പനും കോശിയി'ലും പൊലീസ് ഓഫിസറായി അഭിനയിച്ച കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്‍റ് കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അഡ്വ.ഡി.ടി. വെങ്കിടേശ്വരൻ, അഡ്വ. നസീർ അലി, ഉണ്ണി പണിക്കശ്ശേരി, പ്രധാനാധ്യാപകൻ അജയകുമാർ, എൻ.വി. ബിജു എന്നിവർ സംസാരിച്ചു.
കെ.ആർ. വിജയഗോപാൽ, ടി.എസ്. സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ഗവ. പി.ബി.എം.എച്ച്.എസ്.എസിലെ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ലഡു വിതരണം ചെയ്തു. സച്ചിയുടെ സിനിമയിൽ നഞ്ചിയമ്മക്ക് അവാർഡ് ലഭിച്ച ഗാനം സ്കൂൾ വിദ്യാർഥിനികൾ ആലപിച്ചു.