റോഡ് മുടക്കാൻ ഒരു പാമ്പ് വിചാരിച്ചാൽ മതി! സിഗ്നൽ േബാക്സിൽ കൂടൊരുക്കിയ പാമ്പ് നാട്ടുകാർക്ക് കൊടുത്തത് മുട്ടൻ പണി
text_fieldsസിഗ്നൽ തകരാറിനെ തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസ് പടാകുളം ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് നിരത്തുന്നു
കൊടുങ്ങല്ലൂർ: അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന് പറഞ്ഞതുപോലെയാണ് കൊടുങ്ങല്ലൂരിലെ കാര്യങ്ങൾ. ഒരു പാമ്പ് കാരണം ഇവരുടെ അതാഴം മാത്രമല്ല, റോഡ് തന്നെ മുടങ്ങി. കൊടുങ്ങല്ലൂർ ബൈപ്പാസിലെ സിഗ്നൽ ബോക്സിൽ കയറിയ പാമ്പാണ് പണി പറ്റിച്ചത്. ഇതുമൂലം തകരാറായ സിഗ്നൽ ഒരിക്കൽ നന്നാക്കിയെങ്കിലും വീണ്ടും നിശ്ചലമായി. ഇതോടെ അപകടം ഒഴിവാക്കാൻ ബൈപ്പാസിലേക്ക് പ്രവേശിപ്പിക്കുന്ന റോഡ് പൊലീസ് അടക്കുകയായിരുന്നു.
ബൈപ്പാസിൽ പടാകുളം ജംങ്ഷനിലെ സിഗ്നൽ സംവിധാനമാണ് വീണ്ടും തകരാറിയത്. തുടർന്ന് പൊലീസ് ബാരിക്കേഡ് വെച്ചാണ് തടഞ്ഞത്. പാമ്പ് കയറി തകരാറിലായ സിഗ്നൽ ശരിയാക്കി ജീവനക്കാരൻ പോയതിന്‍റെ പിറകെയാണ് വീണ്ടും തകരാറിലായത്. സിഗ്നൽ സംവിധാനം നിയന്ത്രിക്കുന്ന മെറ്റൽ ബോക്സിൽ പാമ്പ് കയറി താവളമാക്കുകയായിരുന്നു. അപകട സാധ്യത മുന്നിൽ കണ്ട് നാട്ടുകാരാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്.
റോഡ് അടച്ചതിനാൽ ഇതുവഴി സഞ്ചരിക്കേണ്ട വാഹനങ്ങൾ ഗൗരിശങ്കർ ജങ്ഷനിലോ സി.ഐ ഓഫിസ് ജങ്ഷൻ സിഗ്നലിലോ എത്തി വേണം ബൈപ്പാസ് റോഡ് മുറിച്ചു കടക്കാൻ. ബൈപ്പാസിൽ സിഗ്നൽ തകരാറ് പതിവാണ്. കെൽട്രോൺ ആണ് സിഗ്നൽ സജ്ജീകരിച്ചിരിക്കുന്നത്.