റിസാലിെൻറ വീട്ടിൽ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്...
text_fieldsകിളിക്കുഞ്ഞുങ്ങളെ പരിചരിക്കുന്ന റിസാലും ഷർമിനും
കൊടുങ്ങല്ലൂർ: അമ്മക്കിളിയെത്തി; റിസാൽ പെരുത്ത് സന്തോഷത്തിലുമായി. കാറ്റിൽ നിലം പൊത്തിയ കൂട്ടിലെ കിളിക്കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള കരച്ചിൽ ദിവസങ്ങളോളം റിസാലിെൻറ കുഞ്ഞുമനസ്സിനെ സങ്കടപ്പെടുത്തിയിരുന്നു.
കൊടുങ്ങല്ലൂർ മനുഷ്യാവകാശ കൂട്ടായ്മ പ്രവർത്തകൻ മതിലകം മതിൽമൂല കിഴക്ക് പാമ്പിനെഴുത്ത് റിയാസിെൻറയും വെള്ളാങ്ങല്ലൂർ സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരി സബിതയുടെയും മകനാണ് റിസാൽ.
വീടിന് സമീപത്തെ വടക്കേപറമ്പിലെ മാവിൻകൊമ്പിൽ ഏതുനേരവും നിലംപൊത്താവുന്ന കൂട്ടിൽ ഒരു മഞ്ഞക്കിളി രണ്ടു കുഞ്ഞുങ്ങളുമായി കഴിയുന്നത് റിസാലും വീട്ടുകാരും നേരത്തേ തെന്ന കണ്ടിരുന്നു. മാവിൻ തുഞ്ചത്ത് ഒന്നിനും കഴിയാത്ത രീതിയിലായിരുന്നു ആ പക്ഷിക്കൂടിെൻറ ഇരിപ്പ്. അത് അവിടെ ശരിയായി ഉറപ്പിച്ച് നിർത്താൻ വീട്ടുകാർ പല വഴിയും ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ ശക്തമായ മഴ പെയ്യുേമ്പാൾ തള്ളക്കിളി കുഞ്ഞിക്കിളികൾക്ക് ചിറകിനടിയിൽ സംരക്ഷണം തീർക്കുമായിരുന്നു.
കഴിഞ്ഞ ദിവസം കനത്ത മഴയിൽ കൂട് നിലംപൊത്തിയത് റിസാൽ തന്നെയാണ് ആദ്യം കണ്ടത്. ഓടിച്ചെന്ന് നോക്കിയപ്പോൾ രണ്ടു കുഞ്ഞുങ്ങളും സുരക്ഷിതമായിത്തന്നെ അവശേഷിക്കുന്ന കൂടിനൊപ്പമുണ്ടായിരുന്നു. പിന്നെ അവയെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു റിസാലും കുടുംബവും. കുഞ്ഞുങ്ങളെ എടുത്ത് വെള്ളം കൊടുത്തു. മൺചട്ടിക്കുള്ളിൽ കൂടുണ്ടാക്കി മാവിനരികിലായി വീടിനോട് ചേർന്ന ഭാഗത്ത് കെട്ടിത്തൂക്കി. ചൂടുപകരാൻ ചകിരിനാരും പഞ്ഞിയും വെച്ച് കുഞ്ഞുങ്ങളെ അതിനുള്ളിലാക്കി അമ്മക്കിളിയെ കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ അമ്മക്കിളി ഇണയോടൊപ്പം കൂട്ടിലെത്തിയതോടെ ആശങ്ക ആഹ്ലാദത്തിന് വഴിമാറുകയായിരുന്നു. ദിവസങ്ങളായി ഈ വീടും പരിസരവും ആ കിളികളുടെ കൂടി ഇടമാണ്. അമ്മവക്കിളി ഇടക്കിടെ പറന്നെത്തി തീറ്റ നൽകി പരിസരത്തിരുന്ന ശേഷം പറന്നുപോകും.
പുതിയകാവ് എ.എം.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റിസാലിനൊപ്പം പനങ്ങാട് എച്ച്.എസ്.എസ് വിദ്യാർഥിനിയായ സഹോദരി ഷർമിനും പക്ഷിക്കുഞ്ഞുങ്ങളുടെ പരിചരണത്തിൽ ശ്രദ്ധാലുവാണ്.
ലേഖകൻ: ടി.എം. അഷ്റഫ്