ഗൃഹനാഥന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ
text_fieldsകൊടുങ്ങല്ലൂർ: ഗൃഹനാഥന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. നേരത്തേ പുല്ലൂറ്റ് ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപം താമസിച്ചിരുന്ന എടവിലങ്ങ് പുഴങ്കരയില്ലത്ത് പരേതനായ ഷൗക്കത്തലി ഹാജിയുടെ മകൻ ഷാജഹാന്റെ (52) മരണത്തിനെതിരെയാണ് പരാതി ഉയർന്നത്.
സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊടുങ്ങല്ലൂർ പൊലീസ് മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച് പോസ്റ്റ്മോർട്ടം നടത്തി.
എടവിലങ്ങിൽനിന്ന് വിവാഹം കഴിച്ചിരിക്കുന്ന ഷാജഹാൻ കഴിഞ്ഞ 10 വർഷമായി എടവിലങ്ങിൽ പണിത വീട്ടിലാണ് താമസം. മദ്യത്തിന് അടിമയായ ഇയാളുടെ മരണം എടവിലങ്ങിലെ വീട്ടിൽ വെച്ചായിരുന്നു.
എന്നാൽ, യഥാസമയം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിട്ടില്ലെന്നും മരണവിവരം പുറത്തുള്ളവർ പറഞ്ഞാണ് അറിഞ്ഞതെന്നും തങ്ങളിൽനിന്ന് പലതും മറച്ചുപിടിക്കുകയാണെന്നും ഷാജഹാന്റെ സ്വന്തം വീട്ടുകാർ ആരോപിക്കുന്നു. ഇതെല്ലാം മരണത്തിൽ സംശയം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ നിരവധി വസ്തുവകകളുള്ള ഇദ്ദേഹം സമ്പന്നനാണ്.
ചൂഷണം ചെയ്യാൻ ചിലർ ഷാജഹാനെ സ്ഥിരം മദ്യത്തിന് അടിമയാക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.