കാൽകഴുകിച്ചൂട്ട്: പ്രതിഷേധം ശക്തമാകുന്നു; പ്രക്ഷോഭത്തിനും തുടക്കമായി
text_fieldsകാൽകഴുകിച്ചൂട്ടിനെതിരെ നടന്ന പ്രതിഷേധ സംഗമം
കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന 'കാൽകഴുകിച്ചൂട്ടി'നെതിരെ പ്രതിഷേധം ശക്തമായി. ഇതിനിടെ ശ്രീനാരായണ ദർശന വേദി പ്രക്ഷോഭത്തിനും തുടക്കം കുറിച്ചു.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ ഉമേഷ് ചള്ളിയിൽ സ്വന്തം മണ്ഡലത്തിലും ജന്മനാട്ടിൽ നടക്കുന്ന ഈ ജാതിക്കോയ്മയുടെ ആചാരത്തിനെതിരെ ഇ.ടി. ടൈസൺ എം.എൽ.എയും മുന്നോട്ട് വന്നിട്ടുണ്ട്.
എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ ഉമേഷ് ചള്ളിയിൽ, സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റി, കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി എന്നിവയും പ്രതിഷേധം ഉയർത്തി.
ജാതിഭീകരത ഉറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടലിനെതിരെയുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതായി ശ്രീനാരായണ ദർശനവേദി ഭാരവാഹികൾ അറിയിച്ചു. വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പ്രഫ. സി.ജി. ധർമൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
ഭരണഘടന വിരുദ്ധവും അധാർമികവുമായ കാൽകഴുകിച്ചൂട്ട് വഴിപാട് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗം കൊച്ചിൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ വടക്കെ നടയിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ വേട്ടുവ മഹാസഭ നേതാവ് പി.വി. സജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
പെരുമണ്ണാൻ വേലൻ മഹാസഭയുടെ വക്താവ് പി.ജി. സുഗുണ പ്രസാദ്, വേട്ടുവ സമുദായ വിവിധോദ്ദേശ്യ സംഘം സെക്രട്ടറി വി.ഐ. ശിവരാമൻ, ഗുരുധർമ പ്രചാരണസഭ താലൂക്ക് സെക്രട്ടറി മുരുകൻ കെ. പൊന്നത്ത്, എസ്.എൻ.ഡി.പി യൂനിയൻ കമ്മിറ്റിയംഗങ്ങളായ എൻ.ബി. അജിതൻ, സി.വി. മോഹൻ കുമാർ എന്നിവർ സംസാരിച്ചു.
ദേവസ്വം മന്ത്രിയുടെ ഇടപെടൽ തേടി എം.എൽ.എ
കൊടുങ്ങല്ലൂർ: കാൽകഴുകിച്ചൂട്ട് വഴിപാട് അന്വേഷിച്ച് നടപടിയെടുക്കാൻ ഇ.ടി. ടൈസൺ എം.എൽ.എ ദേവസ്വം മന്ത്രിക്ക് കത്തുനൽകി. എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലാണ് ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാട് എന്ന ദുരാചാരം ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി അഞ്ചിന് നടത്താൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്ത നാട്ടിൽ ചർച്ചയാകുകയും നിരവധി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കത്തെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിൽ പിന്നാക്ക സമുദായത്തിൽപെട്ടവരുൾപ്പെടെ നിരവധി വിശ്വാസികളാണ് ദർശനം നടത്തുന്നത്. നവോത്ഥാനമൂല്യങ്ങൾ പിന്നോട്ടടിപ്പിക്കുന്ന ദുരാചാരങ്ങളെല്ലാം വീണ്ടും കൊണ്ടുവരുവാനുള്ള ചിലരുടെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് സത്യാവസ്ഥ അന്വേഷിച്ച് ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം, പിന്നാക്ക, സമുദായ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നൽകിയതെന്ന് എം.എൽ.എ അറിയിച്ചു.
'പുരോഗമന സമൂഹത്തിന് അപമാനം'
കൊടുങ്ങല്ലൂർ: എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ച ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട് എന്ന അനാചാരം സാംസ്കാരികമായി നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ തകർക്കുന്നതാണെന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി. നൂറ്റാണ്ടുകളായി നിലനിന്ന ജാതി അടിമത്തത്തെ നീണ്ടുനിന്ന സമര പോരാട്ടങ്ങളിലൂടെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമുക്കുള്ളത്.
എന്നാൽ ഇപ്പോഴും ജാതി മേധാവിത്വത്തിന്റെ ഹാങ് ഓവർ മാറിയിട്ടില്ലാത്ത ഒരു പ്രബല വിഭാഗം ഉണ്ട്. അവരാണ് പ്രാകൃത ആചാരങ്ങൾ തിരിച്ചു കൊണ്ടുവന്ന് ജാതി മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള നീക്കത്തിന് പിറകിൽ. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ മനുസ്മൃതി കാലത്തെ തിരിച്ചു കൊണ്ടുവരുകയും അതിലൂടെ രാഷ്ട്രീയാധികാരം മേൽജാതിയിൽ തന്നെ നിലനിർത്തുകയും ചെയ്യുക എന്ന സംഘ്പരിവാർ അജണ്ടയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനങ്ങളെ പുരോഗമന മൂല്യം ഉൾക്കൊള്ളുന്ന എല്ലാവരും ചേർന്ന് എതിർത്ത് തോൽപിക്കണമെന്ന് ഫിലിം സൊസൈറ്റി പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.