പൂച്ചക്ക് മരുന്ന് വാങ്ങാൻ പോയയാൾക്ക് പൊലീസ് വക പിഴ
text_fieldsകൊടുങ്ങല്ലൂർ: പൂച്ചക്ക് മരുന്ന് വാങ്ങാൻ സ്കൂട്ടറിൽ പോയയാൾക്ക് പൊലീസ് വക പിഴ. കോട്ടയം സ്വദേശിയും എറിയാട് മാടവനയിൽ താമസക്കാരനുമായ നെടുംതറ ജാബിർ ഫാറൂഖിനാണ് ഹൈവേ പൊലീസിെൻറ നടപടി നേരിടേണ്ടിവന്നത്. കോവിഡ് കാലത്ത് തെരുവുനായ്ക്കളെ പോലും അവഗണിക്കരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നിലനിൽക്കുന്നതിനിടയിലാണ് ജാബിറിെൻറ തിക്താനുഭവം.
കണ്ണിൽനിന്ന് വെള്ളം വരുന്ന നിലയിൽ നിർത്താതെ കരഞ്ഞ പൂച്ചയെ കണ്ട് വിഷമിച്ച ജാബിർ തെൻറ സ്കൂട്ടറുമെടുത്ത് മരുന്ന് തേടിയിറങ്ങുകയായിരുന്നു. എറിയാട്ടെ വെറ്ററിനറി ഡോക്ടർ നൽകിയ മരുന്ന് കുറിപ്പുമായി കൊടുങ്ങല്ലൂർ നഗരത്തിലാകമാനം തിരക്കിയെങ്കിലും കിട്ടിയില്ല. തുടർന്ന് എറണാകുളം ജില്ലയിലെ പറവൂരിലേക്ക് തിരിച്ചു. ഇതിനിടെ വി.പി തുരുത്തിൽ വെച്ചാണ് പൊലീസിെൻറ മുന്നിൽ പെട്ടത്.
വെറും കടലാസിലെഴുതിയ മരുന്ന് കുറിപ്പും പൊലീസിന് സംശയം ജനിപ്പിച്ചു. പൂച്ചയുടെ ദയനീയത പറഞ്ഞ് കെഞ്ചിയെങ്കിലും ഫലമുണ്ടായില്ല. 2500 രൂപ പിഴയടക്കാതെ വണ്ടി വിടില്ലെന്ന വാശിയിലായി പൊലീസ്. ഇതോടെ വാഗ്വാദമായി. ഒടുവിൽ ജാബിറിെൻറ പോക്കറ്റിലുണ്ടായിരുന്ന 290 രൂപയിൽനിന്ന് 250 വാങ്ങി പൊലൂഷൻ പിഴ ചുമത്തി തിരിച്ച് വിടുകയായിരുന്നു.
മേയ് മൂന്നിനാണ് പൊലൂഷൻ ടെസ്റ്റ് കാലാവധി അവസാനിച്ചത്. എന്നാൽ, പൊലൂഷൻ ടെസ്റ്റ് സെൻറർ പ്രവർത്തിക്കുന്ന എറിയാട് ഏപ്രിൽ 28 മുതൽ കെണ്ടയ്ൻമെൻറ് സോണിലായതിനാൽ തുറന്ന് പ്രവർത്തിക്കുന്നില്ല.
ഇതേതുടർന്ന് അവർ സാധാരണ ചെയ്യുന്നതുപോലെ സന്ദേശമോ ഫോൺ വഴി ഉള്ള അറിയിപ്പുകളോ ഒന്നും ജാബിറിന് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ടെസ്റ്റ് എടുക്കാൻ വിട്ടു പോകുകയായിരുന്നു.
പൂച്ചയോട് താൻ കാണിച്ച കരുണ പോലും പൊലീസ് തന്നോട് കാണിച്ചില്ലെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാത്രം പോരെന്നും ജാബിർ പറഞ്ഞു.