മതിലകം നിവാസികളുടെ ഫോൺ പേ ഇടപാട്; പണം പോയത് ബാലുശ്ശേരിയിലെ അക്കൗണ്ടിലേക്ക്
text_fieldsrepresentational image
കൊടുങ്ങല്ലൂർ: ഫോൺ പേ വഴി അയച്ച പണം വഴിമാറിപ്പോയത് അകലെയുള്ള മറ്റൊരു ബാങ്കിന്റെ മറ്റൊരു അക്കൗണ്ടിലേക്ക്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുവാനുള്ള മതിലകം പുന്നക്കബസാർ എടക്കാട്ടുതറ അഖ്ദസ് അസീസ് എന്ന യുവാവിന്റെ നെട്ടോട്ടം രണ്ടാം മാസത്തിൽ എത്തിയെങ്കിലും ഫലപ്രാപ്തിയായില്ല.
ഫലം കാണുമെന്ന പ്രത്യാശയിലാണ് യുവാവ്. പണം എത്തിയ അക്കൗണ്ടിന്റെ ഉടമ അനുകൂലമായി പ്രതികരിച്ചുവെന്നാണ് യുവാവ് പറയുന്നത്. തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്ത് നിവാസികളായ രണ്ടുപേർ തമ്മിൽ ഡിജിറ്റൽ കാലത്തെ ഫോൺ പേ സംവിധാനം ഉപയോഗിച്ച് നടത്തിയ പണം കൈമാറ്റമാണ് വഴിമാറി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ എത്തിയിരിക്കുന്നത്.
എസ്.ബി.ഐ ബാലുശ്ശേരി ബ്രാഞ്ചിലെ എം.എം. അൻസി എന്ന പേരിലുള്ള അക്കൗണ്ടിലാണ് പണം എത്തിയിട്ടുള്ളതെന്നാണ് അഖ്ദസ് ഫെഡറൽ ബാങ്ക് മതിലകം ബ്രാഞ്ച് മാനേജർക്ക് നൽകിയ പരാതിയിൽ പറയുന്നത്. അഖ്ദസിന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ഫോൺ പേ വഴി മതിലകം ജൂബൽ പ്രസിന്റെ പേരിൽ ബാങ്ക് ഓഫ് ബറോഡ മതിലകം ബ്രാഞ്ചിലേക്ക് അയച്ച പണമാണ് വഴിമാറി പോയത്.
ഈ വർഷം ജനുവരി 31ന് 500 രൂപയും 15ന് ഒരു രൂപയും അന്നുതന്നെ 12,000 രൂപയുമാണ് അഖ്ദസ് അയച്ചത്. മൂന്ന് സംഖ്യയും സുരക്ഷിതമായി അയച്ചുവെന്നും കാണിക്കുന്നുണ്ട്. പണം അക്കൗണ്ടിൽ വന്നതായ സന്ദേശം ജൂബൽ ഓഫ്സെറ്റ് എന്ന സ്ഥാപനത്തിന്റെ പാർട്ണർ അബ്ദുൽ ജബ്ബാറിന്റെ ഫോണിലും ലഭിച്ചു. എന്നാൽ, ജൂബൽ ഓഫ് സെറ്റിന്റെ ബാങ്ക് ഓഫ് ബറോഡ മതിലകം ബ്രാഞ്ച് അക്കൗണ്ടിലേക്ക് പണം മാത്രം എത്തിയില്ല.
ഇതേതുടർന്ന് അഖ്ദസ് ഫെഡറൽ ബാങ്ക് അധികൃതരുടെ സഹകരണത്തോടെ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് എസ്.ബി.ഐ കോഴിക്കോട് ബാലുശ്ശേരി ബ്രാഞ്ചിൽ പണം എത്തിയതായി മനസ്സിലായത്. ഇതുസംബന്ധിച്ച് ഫെബ്രുവരി 16നാണ് പരാതി നൽകിയത്.