കതിർമണ്ഡപത്തിൽ നിന്നിറങ്ങിയത് വോട്ടുതേടാൻ
text_fieldsകൊടുങ്ങല്ലൂർ നഗരസഭ 22ാം വാർഡിൽ വോട്ട് തേടുന്ന നവദമ്പതികൾ
കൊടുങ്ങല്ലൂർ (തൃശൂർ): കഴുത്തിലണിഞ്ഞ പൂമാലകൾ പോലും മാറ്റാതെ മണവാളനും മണവാട്ടിയും സ്ഥാനാർഥിക്കൊപ്പം നടന്നുവരുന്നത് കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. ആദ്യം കാര്യമെന്തെന്ന് പിടികിട്ടിയില്ല. കൈയിൽ കരുതിയ അഭ്യർഥന നീട്ടി വരൻ വിവരങ്ങൾ പറഞ്ഞ് തുടങ്ങിയപ്പോഴാണ് സംഗതി മനസ്സിലായത്. അതൊരു വോട്ട് തേടലായിരുന്നു.
വിവാഹവേദിയിൽ നിന്ന് നേരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വരികയായിരുന്നു വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് നിന്നതിനൊടുവിൽ ജീവിതത്തിലും ഒന്നായ സുനിലും നവ്യയും. കൊടുങ്ങല്ലൂർ നഗരസഭ 22ാം വാർഡിലായിരുന്നു വോട്ടർമാരിൽ കൗതുകമുണർത്തിയ വോട്ട് പിടുത്തം.
ഇരുവരുടെയും സുഹൃത്തും വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ദിനിലിന് വേണ്ടിയായിരുന്നു വോട്ടഭ്യർഥന. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനമാരംഭിച്ച സുനിലും നവ്യയും എ.ഐ.വൈ.എഫ് തൃശൂർ ജില്ല വൈസ് പ്രസിഡൻറുമാരാണ്. കോളജ് കാലം മുതൽ ഒരുമിച്ചു പ്രവർത്തിച്ചയാളാണ് സ്ഥാനാർഥി ദിനിൽ. സി.പി.ഐ ലോക്കൽ സെക്രട്ടറി എം.ജി. പുഷ്പാകരൻ, പി.എ. ജോൺസൺ, പി.കെ. സജീവൻ, യു.ടി. പ്രേംനാഥ് എന്നിവരും കൂടെയുണ്ടായിരുന്നു. സി.പി.ഐ വിട്ട് യു.ഡി.എഫ് സ്വതന്ത്രയായ റസോജ ഹരിദാസും എൻ.ഡി.എ സ്ഥാനാർഥി ധനേഷ് കെ. ധർമനുമാണ് ദിനിലിെൻറ എതിരാളികൾ.