സംവിധായകൻ സച്ചിയുടെ ഒാർമയിൽ ജന്മനാട്
text_fieldsകൊടുങ്ങല്ലൂർ: സിനിമ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ വേർപാടിെൻറ ഒന്നാം വാർഷിക ദിനത്തിൽ ജന്മനാട് സ്മരണാഞ്ജലിയർപ്പിച്ചു. ബാല്യം മുതൽ സച്ചി വായിച്ചും കളിച്ചും നടന്ന ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല സംഘടിപ്പിച്ച അനുസ്മരണ പരിപാടി സച്ചിയുടെ മൂത്ത സഹോദരൻ കെ.ആർ. രാമചന്ദ്രൻ ദീപം കൊളുത്തി തുടക്കം കുറിച്ചു.
ചലച്ചിത്ര പ്രവർത്തകരായ കെ.ആർ. സുനിൽ, രാജേഷ് നാരായണൻ, എം.പി. പ്രശാന്ത്, സുധി ഷൺമുഖൻ, വിച്ചു, കവികളായ സെബാസ്റ്റ്യൻ, ബക്കർ മേത്തല എന്നിവർ ഓർമകൾ പങ്ക് വെച്ചു. കൊടുങ്ങല്ലൂരിൽ സച്ചിയുടെ ഓർമകൾ പൂർണമാക്കാൻ സ്മാരകം നിർമിക്കുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ് സ്വാഗതവും എൻ.എച്ച്. സാംസൻ നന്ദിയും പറഞ്ഞു.
സച്ചിയുടെ സഹപാഠികൾ സംഘടിപ്പിച്ച അനുസ്മരണത്തിൽ വിദ്യാർഥികൾക്ക് നൽകുന്ന ടാബുകൾ വി.ആർ. സുനിൽകുമാർ എം.എൽ.എ ശൃംഗപുരം ഗവ. ഹൈസ്കൂൾപ്രധാനാധ്യാപികക്ക് കൈമാറുന്നു
തിയറ്റർ ജീവനക്കാർക്ക് കിറ്റ് നൽകി സച്ചിയുടെ സഹപാഠികൾ
കൊടുങ്ങല്ലൂർ: ലോക്ഡൗൺ മൂലം തൊഴിലില്ലാതായ സിനിമ തിയറ്റർ ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റും സാമ്പത്തിക സഹായവും നൽകി സഹപാഠികൾ സച്ചിയെ സ്മരിച്ചു. ശൃംഗപുരം ഗവ. ഹൈസ്കൂളിലെ സഹപാഠികളാണ് സച്ചിയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണം നടത്തിയത്. 25 തൊഴിലാളികൾക്കാണ് സഹായം നൽകിയത്. ഇതോടൊപ്പം സ്കൂളിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി 12 ടാബുകളും നൽകി. 'സഹപാഠി-87 കൂട്ടായ്മ' സംഘടിപ്പിച്ച പരിപാടി വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂളിലേക്കുള്ള ടാബുകൾ എം.എൽ.എ പ്രധാനാധ്യാപിക ബീന കെ. മേനോന് കൈമാറി.
സഹപാഠി വൈസ് ചെയർമാൻ മുഹമ്മദ് ഹുവൈസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ ഭക്ഷ്യക്കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. സഹപാഠി സെക്രട്ടറി എൻ.വി. ബിജു, പി.ടി.എ പ്രസിഡൻറ് സിനിൽ, കെ.ആർ. വിജയഗോപാൽ എന്നിവർ സംസാരിച്ചു.