ദേശീയപാത വികസനം: ഭൂമി അളക്കാനെത്തിയ സംഘം ക്വാറൻറീനിൽ
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മതിലകത്ത് ഭൂമി അളവിനെത്തിയ സംഘം ഒന്നടങ്കം ക്വാറൻറീനിൽ. മതിലകം ഏഴാം വാർഡിൽ കനോലി കനാൽ തീരത്തിനോട് ചേർന്ന് ഭൂമി അളവിനെത്തിയ നാല് സ്ത്രീകളടങ്ങിയ അഞ്ചംഗ സംഘമാണ് ക്വാറൻറീനിലായത്.
ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമി അളന്ന് കൃത്യത വരുത്താനാണ് ദേശീയപാത കൊടുങ്ങല്ലൂർ കോമ്പിറ്റൻറ് അതോറിറ്റിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയത്. ഇവരെ സഹായിച്ച വീട്ടുകാരൻ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഘം നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.
സ്ഥലത്തെത്തിയ മറ്റൊരു ഭൂവുടമയായ ദന്ത ഡോക്ടറും ക്വാറൻറീനിൽ പോകേണ്ടിവന്നു. പ്രദേശത്തെ മറ്റു പത്തോളം പേരുടെ സമ്പർക്ക ലിസ്റ്റ് തയാറാക്കി.
പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളെ ആൻറിജൻ പരിശോധന നടത്തും. മതിലകത്ത് ഞായറാഴ്ച കോവിഡ് ബാധിതരില്ല.കൊടുങ്ങല്ലൂർ വടക്കേ നടക്കും ചന്തപ്പുരക്കും മധ്യഭാഗത്തായി പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അധികൃതർ അടക്കാൻ നിർദേശം നൽകി.
ഇവിടത്തെ മുഴുവൻ ജീവനക്കാരോടും ക്വറൻറീനിൽ പോകാൻ നിർദേശം നൽകി. ആല വാസുദേവ വിലാസം സ്വാദേശിയായ ജീവനക്കാരെൻറ പ്രദേശിക സമ്പർക്കത്തോടൊപ്പം മറ്റൊരാളുടെ സമ്പർക്കവും പരിഗണിച്ച് പ്രദേശം ഉൾപ്പെടുന്ന എസ്.എൻ.പുരം പഞ്ചായത്തിലെ പത്താം വാർഡ് കെണ്ടയിൻമെൻറ് സോണാക്കിയേക്കും.
ചന്തപ്പുരയിലെ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടത്തെ ജീവനക്കാരോട് ക്വറൻറീനിൽ പോകാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.
13ാം വാർഡിൽ ഒരാൾക്ക് സ്ഥീരികരിച്ചതൊഴികെ പറിയാട് പഞ്ചായത്തിൽ പുതിയ രോഗികളില്ല. എടവിലങ്ങിൽ കെണ്ടയിൻമെൻറ് സോൺ ഒഴിവാക്കി. പഞ്ചായത്തിൽ 52 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും രോഗമുക്തരായി.