കോട്ടപ്പുറത്ത് അനുമതിയില്ലാതെ സംഗീതനിശ; പൊലീസ് തടഞ്ഞു
text_fieldsമേത്തല: കോട്ടപ്പുറത്ത് അനുമതിയില്ലാതെ നടത്തിയ സംഗീതനിശ പൊലീസ് തടഞ്ഞു. സംഘർഷമുണ്ടാക്കാൻ ശ്രമിച്ച മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സംഘാടകർക്കെതിരെയും കേസെടുത്തു.
കോട്ടപ്പുറം ആംഫി തിയറ്ററിൽ ബുധനാഴ്ച രാത്രിയിലാണ് സംഗീത പരിപാടി നടത്തിയത്. വാട്ടർ ഡ്രം മ്യൂസിക് പ്രോഗ്രാം കാണാനായി വലിയ ജനക്കൂട്ടമാണ് എത്തിയത്.
രാത്രി എട്ടരയോടെ കൊടുങ്ങല്ലൂർ എസ്.ഐ കെ.എസ്. സൂരജിെൻറ നേതൃത്വത്തിൽ എത്തിയ പൊലീസ് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. സംഘാടകർ പരിപാടി നിർത്തിയെങ്കിലും കാഴ്ചക്കാരിൽ ചിലർ പൊലീസിനെതിരെ തിരിഞ്ഞു. തുടർന്ന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അനുമതിയില്ലാതെ സംഗീത പരിപാടി നടത്തിയതിന് സംഘാടകരായ അതുൽ, അസ്ലം എന്നിവർക്കും ആംഫി തിയറ്റർ മേൽനോട്ടക്കാരായ മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജർ സജ്നക്കും എതിരെയാണ് കേസെടുത്തത്.