വാടക വീട്ടിൽനിന്ന് കുടിയിറക്കിയ കുടുംബത്തിന് നഗരസഭയുടെ സംരക്ഷണം
text_fieldsകുഞ്ഞുമോളുടെ സങ്കടം കേൾക്കുന്ന െകാടുങ്ങല്ലൂർ നഗരസഭ ചെയർമാനും കൗൺസിലർമാരും
െകാടുങ്ങല്ലൂർ: വാടക വീട്ടിൽ നിന്നും കുടിയിറങ്ങാൻ അന്ത്യശാസനം ലഭിച്ചതോടെ വഴിമുട്ടിയ കുടുംബത്തിന് സംരക്ഷണം ഒരുക്കി നഗരസഭ. ഭർത്താവ് ഉപേക്ഷിച്ച നാല് പെൺമക്കളുമായി ജീവിക്കുന്ന മേത്തല കുന്നംകുളം തട്ടേത്തറ വീട്ടിൽ കുഞ്ഞുമോൾക്കാണ് കൊടുങ്ങല്ലൂർ നഗരസഭ സഹായഹസ്തവുമായെത്തിയത്.
വൃക്കരോഗിയായ കുഞ്ഞുമോൾ തട്ടുകട നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. താമസിക്കുന്ന വീടൊഴിയാൻ വീട്ടുടമ കർശന നിർദേശം നൽകിയതിനെ തുടർന്ന് പെൺമക്കളുമായി എവിടെ കഴിയുമെന്ന വേവലാതിയിലായിരുന്നു വീട്ടമ്മ. മറ്റൊരു വീട് നിർമിക്കാൻ പണമില്ലാത്തതിനാൽ തെരുവിലിറങ്ങേണ്ട ഗതികേടിലായിരുന്നു കുടുംബം.
നഗരസഭയുടെ പുല്ലൂറ്റ് വില്ലേജിലെ ഒരു വീട് കുഞ്ഞുമോൾക്കും കുടുംബത്തിനും നൽകുമെന്നും വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതിയിൽ പെടുത്തി പുതിയ വീട് നൽകാൻ നടപടി എടുക്കുമെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.