അമ്മക്കും മകനും മർദനം: നാലുപേർ അറസ്റ്റിൽ
text_fieldsഅമ്മയെയും മകനെയും മർദിച്ച കേസിലെ പ്രതികൾ
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂരിൽ യുവാവിനെയും അമ്മയെയും മർദിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പി. വെമ്പല്ലൂർ പനപ്പറമ്പിൽ സുമേഷ് (25), കൂളിമുട്ടം സ്വദേശികളായ തുമ്പരപ്പുള്ളി അക്ഷയ് (25), കുടിലിങ്ങൽ അനന്ത് (21), കുടിലിങ്ങൽ അമൽ (19) എന്നിവരെയാണ് മതിലകം എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കളത്തിൽ വീട്ടിൽ ശ്യാം കൃഷ്ണനും അമ്മ ഗീതക്കും മർദനമേറ്റത്. വീട്ടിൽനിന്ന് ബൈക്കിൽ പുറത്തേക്ക് പോകുന്നതിനിടയിൽ ചവിട്ടി വീഴ്ത്തി മർദിക്കുകയായിരുന്നു. മകനെ മർദിക്കുന്നത് തടയാനെത്തിയ അമ്മയെയും സംഘം മർദിച്ചു.
മൂന്നു മാസം മുമ്പ് സുഹൃത്തിന്റെ വിവാഹ വാർഷിക ചടങ്ങിൽവെച്ച് ശ്യാം കൃഷ്ണനും പ്രതികളിലൊരാളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ തോമസ്, സീനിയർ സി.പി.ഒ ഷിഹാബ്, സി.പി.ഒ റഹീം എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.