മനയത്ത് വിജിത്ത് കൊല: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fields
വിജിത്ത് കൊല കേസിലെ മൂന്നാം പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.
കൊടുങ്ങല്ലൂർ: വിജിത്ത് കൊല വിവരിച്ച് മൂന്നാം പ്രതി. ശ്രീനാരായണപുരം കട്ടൻ ബസാറിൽ വെച്ച് വിജിത്തിനെ കൊലപ്പെടുത്തിയ തെളിവെടുപ്പിലായിരുന്നു ക്രൂരകൃത്യത്തിൻ്റെ വിവരണം. കേസിൽ റിമാൻഡിലായ ഒഡീഷ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. മൂന്നാം പ്രതി നബ്ബാ മാലിക്കിനെയാണ് തെളിവെടുപ്പിനെത്തിച്ചത്.
കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുവന്ന പ്രതി പൊലീസിനോട് സംഭവം വിശദീകരിച്ചു. 2019 സെപ്തംബർ 26നാണ് പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി മനയത്ത് വീട്ടിൽ വിജിത്ത് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ വാക്കുത്തർക്കത്തെ തുടർന്നാണ് ഒഡീഷ സ്വദേശികളായ അഞ്ചംഗ സംഘം കൊല നടത്തിയത്. സംഭവത്തിന് ശേഷം ഒഡീഷയിലേക്ക് കടന്ന പ്രതികളിലൊരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നബ്ബാ മാലിക്കിനെ കഴിഞ്ഞ ദിവസം മതിലകം പോലീസ് ഒഡീഷയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മതിലകം ഇൻസ്‌പെക്ടർ ടി.കെ.ഷൈജു, എസ്.ഐ തോമസ്, പോലീസുകാരായ ഷാൻ മോൻ, ഷിജു, ഹോംഗാർഡ് അൻസാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.