എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: തീരദേശത്തെ ലഹരി മാഫിയയുടെ അടിവേരുകൾ തേടിയ ഓപ്പറേഷൻ ക്രിസ്റ്റൽ ഒരുക്കിയ കെണിയിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ഒരാൾ പിടിയിലായി. കാസർകോട് മങ്ങലപ്പാടി ബിസ്മില്ല സ്വദേശി ബന്തിയോട് വീട്ടിൽ അബ്ദുല്ല (42) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു.
തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ക്രിസ്റ്റലിലാണ് ഇയാൾ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം അന്തർ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് സ്വദേശി പിടിയിലായിരിക്കുന്നത്.
പ്രതിയെ പിടികൂടിയ ഡി.വൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ പി. സൂരജ്, സന്തോഷ്, പി.സി. സുനിൽ, തോമസ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷറഫ്, സേവിയർ, ബിജു ജോസ്, സി.പി.ഒമാരായ ഷിന്റോ, മുറാദ്, എന്നിവരും ഉണ്ടായിരുന്നു.
ഈ പൊലീസ് സംഘം കഴിഞ്ഞ മാസം കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പനിക്കടവിലെ റിസോർട്ടിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പിടകൂടിയിരുന്നു. പെരിഞ്ഞനത്ത് നിന്ന് കഞ്ചാവും പിടികൂടിയിരുന്നു.
18 മുതൽ 25 വയസ്സ് വരെയുള്ളവരെയാണ് മാഫിയ സംഘം വിതരണക്കാരായി ഉപയോഗിക്കുന്നത്. യുവാക്കളെ ടൂറിനെന്ന പേരിൽ ചിലവിനുള്ള കുറച്ച് പണവും० കൈയ്യിൽ കൊടുത് ബംഗളൂരുവിലേക്കും ആന്ധ്രയിലേക്കും അയച്ച് ലഹരി സാധനങ്ങൾ കടത്തികൊണ്ട് വന്നാണ് മാഫിയകൾ അവരുടെ ബിസിനസ്സ് വളർത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ കേരളത്തിലേക്ക് മയക്കുമരുന്നുകൾ സുലഭമായി കൊണ്ടുവരുന്നുണ്ടെന്ന് മനസിലായി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ചെറായി റിസോർട്ടുക്കളും, അഴീക്കോട്, എറിയാട്, തളിക്കുളം ബീച്ചുകളും, സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് സംഘത്തിന്‍റെ ഇടപാട്.