മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിന് കല്ലേറ്; പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്തി മുൻ മജിസ്ട്രേറ്റ്
text_fieldsഎസ്. സുധീപ്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിനു നേരേ കല്ലെറിഞ്ഞ് ഓഫിസ് ചില്ല് തകർത്ത സംഭവത്തിൽ പൊലീസിന് നേരെ വിരൽ ചൂണ്ടി മുൻ മജിസ്ട്രേറ്റ് എസ്. സുധീപ്. നിയമ വിദ്യാർഥിനി മൊഫിയയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ അദ്ദേഹമിട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് 2005ൽ നടന്ന കല്ലേറ് സംഭവത്തിൽ പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്തി സുധീപ് വെളിപ്പെടുത്തൽ നടത്തിയത്.
രാത്രിയുടെ മറവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കോട്ടപ്പുറം ചേരമാൻ പറമ്പിന് സമീപത്തെ ക്വാർട്ടേഴ്സിന് നേരെയായിരുന്നു കല്ലേറ്. അന്ന് കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന സുധീപ് നേരിട്ടും പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന പൊലീസുകാരുടെ പേരുകൾ അക്കമിട്ട് നിരത്തിയെങ്കിലും ആരും പ്രതി ചേർക്കപ്പെട്ടില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഡി.ജി.പിക്കും അഭ്യന്തര മന്ത്രിക്കും പരാതിയുടെ പകർപ്പ് അയച്ചെങ്കിലും ഫലമുണ്ടായില്ല. ആ കേസിന് എന്ത് സംഭവിച്ചുവെന്ന് 16 വർഷത്തിന് ശേഷവും തന്നെ അറിയിച്ചിട്ടില്ല. കേസ് എഴുതിത്തള്ളുകയാണെങ്കിൽ ഇരക്ക് റഫർ നോട്ടീസ് നൽകേണ്ടത് സാമാന്യ നീതിയാണെന്നും അതും ഉണ്ടായില്ലെന്ന് സുധീപ് കുറിക്കുന്നു.
ഇതിനകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞ പോസ്റ്റ് ''ഒരു മജിസ്ട്രേട്ടിന് കിട്ടാത്ത എന്ത് നീതിയാണ് നിയമ വിദ്യാർഥിക്കും സാധാരണക്കാർക്കും കിട്ടുക'' എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്. കേസ് നടത്തിപ്പിന് ഹാജരാകാത്തതിനെ തുടർന്ന് അന്ന് ഒമ്പത് വാറൻറ് നിലവിലുണ്ടായിരുന്ന കൊടുങ്ങല്ലൂരിൽനിന്ന് സ്ഥലം മാറിയ ഒരു എസ്.ഐയെ റിമാൻഡ് ചെയ്തതും പ്രസ്തുത ഓർഡർ സെഷൻസ് കോടതി റദ്ദാക്കിയതും മറ്റുമായി ബന്ധപ്പെട്ട ഉദ്വേഗ ജനകമായ സംഭവ വികാസങ്ങളെ തുടർന്ന് കോടതി പരിസരത്ത് ജനങ്ങൾ കൂടിയതുമെല്ലാം വിവരിച്ചുകൊണ്ടാണ് അതേ ദിവസം രാത്രി നടന്ന കല്ലേറ് സംഭവത്തിൽ സുധീപ് പൊലീസിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. രണ്ടു മാസത്തിനകം കൊടുങ്ങല്ലൂരിൽനിന്ന് സ്ഥലം മാറ്റം ലഭിച്ച ഇദ്ദേഹത്തെ സബ് ജഡ്ജിയായിരിക്കെ ഈയിടെ സർവിസിൽനിന്ന് പിരിച്ചുവിടുകയുണ്ടായി. തേൻറതായ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ് എസ്. സുധീപ്.