പ്രത്യേക ബാലറ്റ് ലഭിക്കാതെ നിരവധി പേർ
text_fieldsമതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ വയോധികനായ പണിക്കവീട്ടിൽ മുഹമ്മദിനെ വോട്ട് ചെയ്യിച്ച് കൊണ്ടുവരുന്നു
കൊടുങ്ങല്ലൂർ: വോട്ടർമാർക്കിടയിൽ വീടകങ്ങളിലെ സ്പെഷൽ ബാലറ്റ് പോളിങിന് അർഹതയുള്ളവർ ഇനിയുമേറെ. പോളിങ് ബൂത്തുകളിൽ എത്താൻ കഴിയാത്തവർക്കാണ് വീടുകളിൽ ചെന്ന് വോട്ട് ചെയ്യിക്കുന്ന സ്പെപെഷൽ ബാലറ്റ് പോളിങ് സംവിധാനം ഏർപ്പെടുത്തിയത്. 80 വയസ്സ് കഴിഞ്ഞവർ, കിടപ്പ് രോഗികൾ ഭിന്നശേഷിക്കാർ, കോവിഡ് പോസറ്റീവ് ആയവർ, ക്വാറൻറീനിൽ കഴിയുന്നവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്പെഷൽ പോസ്റ്റൽ ബാലറ്റ് വോട്ടർപട്ടിക തയാറാക്കിയത്.
എന്നാൽ ഈ പട്ടികയിൽ ഇനിയുമേറെ പേർ ഉൾപ്പെടാനുണ്ടെന്ന് ചൊവ്വാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ വ്യക്തമായി. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത ഈ ഗണത്തിൽ പെട്ടവരായ വോട്ടർമാരെ വീട്ടുകാരും പാർട്ടി പ്രവർത്തകരും കൊണ്ടുവന്ന് വോട്ട് ചെയ്യിക്കുന്നത് കാണാമായിരുന്നു.
കൈപ്പമംഗലത്ത് 2682 പേർ വീടുകളിൽ രേഖപ്പെടുത്തിയിരുന്നു. മണ്ഡലത്തിൽ പോളിങ് ബൂത്തിൽ എത്താൻ കഴിയാത്ത വോട്ടർമാരുടെ ലിസ്റ്റിൽ 2842 പേരാണുള്ളത്. ഇവരിൽ160 പേരുടെ വോട്ട് രേഖപ്പെടുത്താനായിട്ടില്ല. മതിയായ രേഖകൾ ഇല്ലാത്തതും വോട്ടർ സ്ഥലത്തില്ലാത്തതുമാണ് കാരണം.
അതേ സമയം ലിസറ്റിൽ ഇടം നൽകേണ്ടവർ ഇനിയുമുണ്ട്. പൊലീസും ഫോട്ടോഗ്രാഫറും ഉൾപ്പെടെയുള്ള സ്പെഷൽ പോളിങ് ടീം വോട്ട് രേഖപ്പെടുത്താനുള്ള സാമഗ്രികളുമായി വീടുകളിലെത്തിയാണ് പോസ്റ്റൽ വോട്ട് ചെയ്യിക്കുന്നത്. എന്നാൽ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ തയാറാകാതെ പോളിങ് ബൂത്തുകളിൽ വന്ന് വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്നവരുമുണ്ട്.