കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ കാവലിരുന്ന് പിടിച്ചു
text_fieldsrepresentational image
കൊടുങ്ങല്ലൂർ: കക്കൂസ് മാലിന്യം കൊണ്ടുവന്ന് ജലാശയത്തിൽ തള്ളിയിരുന്ന സംഘത്തെ നാട്ടുകാർ രാത്രി കാവലിരുന്ന് പിടികൂടി. കൊച്ചി സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് ടാങ്കർലോറി സഹിതം പിടികൂടിയത്. ടാങ്കർ ലോറി കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നഗരസഭ അധികൃതർ വാഹനയുടമയായ കൊച്ചി സ്വദേശി സുൽഫിക്കറിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
നഗരസഭ പ്രദേശമായ മേത്തല ചിത്തിര ജംങ്ഷന് കിഴക്ക് വശം ആളൊഴിഞ്ഞ പറമ്പിലാണ് ഇടക്കിടെ കക്കൂസ് മാലിന്യം തള്ളിയിരുന്നത്. ഇതേതുടർന്ന് സമീപത്തുള്ള അംഗൻവാടിയിലേക്ക് പോകുന്നതിനും ബുദ്ധിമുട്ടായി. തോടുകളും സമീപപ്രദേശത്തെ ശുദ്ധജലസ്രോതസുകളും മലിനമാകുകയും ചെയ്തിരുന്നു. വാർഡ് കൗൺസിലർ കെ.എസ്.ശിവറാമിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് വ്യാഴാഴ്ച പുലർച്ചെ പതിവു പോലെ മാലിന്യവുമായി എത്തിയ സംഘത്തെ പിടികൂടിയത്. സംഭവം അറിഞ്ഞ് നഗരസഭ വൈസ് ചെയർമാൻ വി.എസ്. ദിനലും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എച്ച്. നജ്മ, കെ.സി. ശ്രീജ, കെ.എൻ. ജെറിൽദേവ്, സാനിറ്റേഷൻ വർക്കർമാരായ പ്രേംജിത്, പ്രേംലാൽ, ഷക്കീർ എന്നിവരടങ്ങിയ നൈറ്റ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. കൊച്ചി സ്വദേശികളായ ബറാഷ്, ഫിറോസ്, ലോറി ഡ്രൈവർ ഷിഫാസ് എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്.
മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തി
കൊടുങ്ങല്ലൂർ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നൈറ്റ് സ്ക്വാഡ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയ മൂന്നുപേരെ പിടികൂടി. 15000 രൂപ വീതം പിഴ ചുമത്തി. ശ്രീഅമ്മ ബേക്കറിയിലെ തങ്കരാജ്, കുളിർമ്മ ബേക്കറിയിലെ സുരേഷ് ബാബു, പളനികയിലെ സിജോ എന്നിവർക്കാണ് പിഴ ചുമത്തിയത്.
ഡ്രൈനേജ് സംവിധാനത്തിന്റെ അപാകത: നഗരസഭ ഹോട്ടൽ പൂട്ടിച്ചു
കൊടുങ്ങല്ലൂർ: ഡ്രൈനേജ് സംവിധാനത്തിന്റ അപാകതയെ തുടർന്ന് ചന്തപ്പുരയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടാൻ കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ചന്തപ്പുരയിൽ പ്രവർത്തിക്കുന്ന എംപെറർ ഹോട്ടലിനെതിരെയാണ് നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുത്തത്.
ഡ്രൈനേജ് സംവിധാനത്തിന്റെ പോരായ്മയെ തുടർന്ന് ഹോട്ടൽ മാലിന്യം ഒഴുകി പരന്ന് ദുർഗന്ധമുണ്ടായത് പരിസരത്തുള്ളവരും ഓട്ടോറിക്ഷ ഡ്രൈവർമാരും അതുവഴി വന്ന നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീതയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെയർപേഴ്സൺ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് പരിശോധനക്ക് നിർദേശം നൽകി. വിവരമറിഞ്ഞ് വൈസ് ചെയർമാൻ വി.എസ്.ദിനലും സ്ഥലത്തെത്തി.
പരിശോധനയിൽ ഡ്രൈനേജ് കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് വൈസ് ചെയർമാൻ പറഞ്ഞു.