വൈദ്യുതി പോസ്റ്റിന് മുകളിലിരിക്കെ ലൈൻമാനെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു
text_fieldsപരിക്കേറ്റ ലൈൻമാൻ ആശുപത്രിയിൽ
കൊടുങ്ങല്ലൂർ: രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരെ തടഞ്ഞുനിർത്തി മർദിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈദ്യുതി കാലിന് മുകളിൽ തകരാറ് തീർക്കുകയായിരുന്ന ലൈൻമാനെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു. കല്ലേറിൽ തലക്ക് മുറിവേറ്റ് രക്തം വാർന്ന് താഴേക്ക് ഊർന്നിറങ്ങിയ ലൈൻമാൻ നിലത്ത് വീണതിനെ തുടർന്ന് കൈക്ക് പരിക്കേറ്റു.
കെ.എസ്.ഇ.ബി എസ്.എൻ പുരം സെക്ഷനിലെ ലൈൻമാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂക്കാരൻ ഓമനകുട്ടനാണ് (48) അക്രമത്തിനിരയായത്. പരിക്കേറ്റ ഓമനകുട്ടനെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറോടെ എസ്.എൻ പുരം ഇരുപത്തിയഞ്ചാം കല്ലിന് പടിഞ്ഞാറ് വശമാണ് സംഭവം. ഭരതൻ എന്നയാളാണ് അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞതെന്ന് പറയുന്നു.
എസ്.എൻ പുരം സെക്ഷൻ കീഴിൽ ജോലിചെയ്യുന്ന സി.ഐ.ടി.യു യൂനിയൻ അംഗങ്ങളായ രണ്ടുപേർക്ക് നേരേയാണ് ബുധനാഴ്ച കൈയേറ്റമുണ്ടായത്. ഓമനക്കുട്ടനും സി.ഐ.ടി.യു യൂനിയൻ അംഗമാണ്. നേരത്തേ ആക്രമിച്ച കേസിൽ പ്രതിയായയാളെ പൊലീസ് പിടികൂടുന്നില്ലെന്ന പ്രതിഷേധം നിലനിൽക്കുന്നതിടെയാണ് വീണ്ടും അക്രമം.