'ലിഖിതം' കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തിരിതെളിയും
text_fieldsrepresentational image
കൊടുങ്ങല്ലുർ: ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രസാധകരെ അണിനിരത്തി സംഘടിപ്പിക്കുന്ന കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തകോത്സവം 'ലിഖിതം' ഈ മാസം 21 മുതല്‍ 30 വരെ നഗരഹൃദയത്തിലെ കുഞ്ഞികുട്ടന് തമ്പുരാന് സ്മാരക ചത്വരത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിന്ത പബ്ലിഷേഴ്സിന്റേയും മുസ്രി സ് പൈതൃക പദ്ധതിയുടെയും സഹകരണത്തോടെയാണ് ഈ പുസ്തക മഹാമേള സംഘടിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിലെയും വിദേശങ്ങളിെല പ്രമുഖ പ്രസാധകരുടെ ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വിൽപനയും ഉണ്ടാകും. 21ന് വൈകീട്ട് അഞ്ചിന് അഡ്വ. വി.ആര്. സുനില്‍കുമാര്‍ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. മുരളി പെരുന്നല്ലി എം.എല്‍.എ, എം.യു. ഷിനിജ, എം.എം. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. പ്രമുഖ തമിഴ് എഴുത്തുകാരന് പെരുമാള്‍ മുരുകന്റെ 'ആനവായന്‍' പുസ്തകം പ്രകാശനം ചെയ്യും.
തുടര്‍ന്ന് സാദിഖ് കൊച്ചിയുടെ നേതൃത്വത്തിൽ ഗസല്‍ സന്ധ്യ അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുസ്തകപ്രകാശനങ്ങളും സെമിനാറുകളും അരങ്ങേറും. 27 ന് വൈകീട്ട് 5.30ന് നടക്കുന്ന നാട്ടുത്സവത്തില്‍ ഓണംകളി, ഒപ്പന, തിരുവാതിരക്കളി എന്നിവ നടക്കും.
28 ന് വൈകീട്ട് ജനകീയ സാംസ്കാരിക കൂട്ടായ്മയും നാടകവും നടക്കും. 30ന് വൈകീട്ട് പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. വാർത്തസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അഡ്വ.അഷറഫ് സാബാൻ, ടി.കെ. രമേശ്ബാബു, ടി.എ. ഇക്ബാൽ, കെ.പി. രാജൻ, നൗഷാദ് കറുകപ്പാടത്ത്, മുഷ്ത്താക് അലി എന്നിവര്‍ പരിപാടികൾ വിശദീകരിച്ചു.