ഗ്രിൽ റോളറിനിടയിൽ പെൺകുട്ടിയുടെ കാൽ കുടുങ്ങി
text_fields
ഗ്രിൽ റോളറിനിടയിൽ കുടുങ്ങിയ പെൺകുട്ടിയുടെ കാൽ പുറത്തെടുക്കുന്നു
കൊടുങ്ങല്ലൂർ: റോഡരികിലെ ഗ്രിൽ റോളറിനിടയിൽ കാൽ അകപ്പെട്ട പെൺകുട്ടിക്ക് അഗ്നിരക്ഷ സേന രക്ഷകരായി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ പ്രവേശന കവാടത്തിൽ കാനയുടെ മുകളിലുള്ള ഗ്രിൽ റോളറിനിടയിലാണ് കാൽ കുടുങ്ങിയത്.
ലോകമലേശ്വരം കാരേക്കാട് വീട്ടിൽ ശിഖ സോമന്റെ (12) കാലാണ് കുടുങ്ങിയത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്ഥലത്തെത്തിയവരും പൊലീസും കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് കൊടുങ്ങല്ലൂർ അഗ്നിരക്ഷ സേനയെ വിളിക്കുകയായിരുന്നു. അഗ്നിരക്ഷ സേന ഹൈഡ്രോളിക് കോമ്പി കട്ടർ ഉപയോഗിച്ച് പൈപ്പു കമ്പികൾ അകത്തി കുട്ടിയുടെ കാൽ പുറത്തെടുക്കുകയായിരുന്നു. കാലിന് പരിക്കേറ്റ പെൺകുട്ടിക്ക് ചികിത്സ നൽകി.
അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.ബി. സുനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബിനുരാജ്, എസ്. സന്ദീപ്, വിജയൻ, എസ്. ശ്രീജിത്ത്, സി.പി. ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.