ദുരിതാശ്വാസ ക്യാമ്പിൽ എൽ.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി; 17 പേർക്കെതിരെ കേസ്
text_fieldsകൊടുങ്ങല്ലൂർ: മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഇടതുമുന്നണി പ്രവർത്തകർ തമ്മിൽ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിൽപെട്ട 17 പേർക്കെതിരെ പൊലീസ് കേസെടുത്തു.
എ.ഐ.വൈ.എഫ് പ്രവർത്തകരെ മർദിച്ച പരാതിയിൽ സി.പി.എം മതിലകം ലോക്കൽ സെക്രട്ടറി പി.എച്ച്. അമീർ, ഡി.വൈ.എഫ്.ഐ മതിലകം മേഖല പ്രസിഡന്‍റ് ശ്യാം, പുരോഗമന കലാസാഹിത്യ സംഘം മതിലകം യൂനിറ്റ് സെക്രട്ടറി ഷോളി പി. ജോസഫ്, ഷുക്കൂർ വലിയകത്ത് എന്നിവരും കണ്ടാലറിയാവുന്ന അഞ്ചുപേരും ഉൾപ്പെടെ ഒമ്പതുപേരാണ് പ്രതികൾ. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ എ.ഐ.വൈ.എഫ് മതിലകം മേഖല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.എം. അരുൺലാൽ, പ്രവർത്തകൻ കെ.വി. വിബീഷ് എന്നിവരും ഉൾപ്പെടെ എട്ടുപേരുമാണ് പ്രതികൾ. വെള്ളിയാഴ്ച രാത്രി 9.30നാണ് ഒരേ മുന്നണിയിൽപെട്ടവർ തമ്മിൽ സംഘർഷമുണ്ടായത്. ഒരുമണിക്കൂർ നീണ്ട സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.