കൊടുങ്ങല്ലൂരിൽ ഗതാഗത തിരക്കിനിടയിൽ തകൃതിയായി റോഡ് പണി
text_fieldsകൊടുങ്ങല്ലൂർ നഗരത്തിൽ തിങ്കളാഴ്ച രാവിലെ ഗതാഗത തിരക്കിനിടയിൽ നടന്ന റോഡുപണി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിൽ ഗതാഗത തിരക്കിനിടയിൽ തകൃതിയായി അരങ്ങേറിയ റോഡ് അറ്റകുറ്റപണി കണ്ട് അന്തംവിട്ട് കാഴ്ചക്കാർ. റോഡിലെ വളരെ ചെറിയ കുഴിയുടെ ചുറ്റുവട്ടത്ത് പോലും മീറ്ററുകളോളം നീളത്തിലും വീതിയിലും വലിയതോതിൽ ടാർ മിശ്രിതം വിരിച്ച് നിരപ്പാക്കി. സാധാരണ ഗതിയിൽ കുഴിക്ക് ചുറ്റും അറ്റകുറ്റപ്പണി നടത്തി കാര്യം കഴിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി യഥേഷ്ടം മെറ്റൽ പൊടി വിരിക്കുന്ന കാഴ്ചയാണ് നഗരത്തിൽ കണ്ടത്.
രണ്ടാഴ്ച മുമ്പ് റോഡിലെ കുഴികളെല്ലാം അറ്റകുറ്റപണി നടത്തിയതാണ്. എന്നാൽ, പിറകെ വന്ന മഴയിൽ അതെല്ലം പഴയ അവസ്ഥയിലായി. ഇതിനിടെയാണ് തിരക്ക് പിടിച്ച അറ്റകുറ്റപണി വീണ്ടും നടന്നത്. നവകേരള സദസ്സുമായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും കടന്നുപോകുന്ന റോഡാണിത്. പി. വെമ്പല്ലൂർ അസ്മാബി കോളജിൽ നടക്കുന്ന കയ്പമംഗലം മണ്ഡലം നവകേരള സദസ്സിന് ശേഷം കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സദസ്സ് നടക്കുന്ന മാളയിലേക്ക് മുഖ്യമന്ത്രിയും കൂട്ടരും കൊടുങ്ങല്ലൂർ വഴിയാണ് കടന്നുപോകുന്നത്. ഇതിന് മുന്നോടിയായാണ് റോഡിലെ കുണ്ടും കുഴിയും വിശാലമായി തന്നെ നികത്തിയത്. എന്തൊക്കെയായാലും റോഡിലെ അസാധാരണ പണി വാഹന യാത്രികർക്ക് ഗുണകരമായി.
അതേസമയം 2022-23 സാമ്പത്തിക വർഷത്തിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനാൽ പൂർത്തിയാക്കാൻ കഴിയാതെപോയ അറ്റകുറ്റപ്പണി പുതിയ കരാറുകാരനെ വെച്ച് അനുകൂല കാലാവസ്ഥയിൽ വേഗത്തിൽ നടത്തുകയാണുണ്ടായതെന്നാണ് പൊതുമരാമത്ത് മെയിന്റൻസ് വിഭാഗം അധികൃതർ പറയുന്നത്.