കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി; പുതിയ കെട്ടിടം തുറക്കാൻ നടപടി വേണമെന്ന് ഹൈകോടതി
text_fieldsകൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം
കൊടുങ്ങല്ലൂർ: പുതുതായി നിർമാണം പൂർത്തിയാക്കിയ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ബഹുനില കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ രണ്ടു മാസത്തിനകം ആവശ്യമായ നടപടി കൈക്കൊള്ളാൻ ഹൈകോടതി തൃശൂർ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. സാമൂഹിക പ്രവർത്തകൻ ബിജു ഇറ്റിത്തറ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈകോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ജഡ്ജി കെ.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പഴയ താലൂക്ക് കെട്ടിടം പൊളിച്ച് 12 വർഷം കൊണ്ടാണ് അഞ്ചുനിലകളുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്.
12 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം താലൂക്കാശുപത്രി അധികൃതർക്ക് കൈമാറിയെന്നാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കൊടുങ്ങല്ലൂരിലെത്തി കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചിരുന്നു.
പ്രതിമാസം നിരവധി രോഗികൾ ചികിത്സക്കെത്തുന്ന ആശുപത്രി നിലവിൽ പഴയ ശതാബ്ദി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അമ്മമാരുടെയും കുട്ടികളുടെയും വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. നിർമാണം പൂർത്തീകരിച്ചെങ്കിലും പുതിയ അഞ്ചുനില കെട്ടിടത്തിലേക്ക് കിടത്തി ചികിത്സ മാറ്റിയിട്ടില്ല.
നവീകരിച്ച അത്യാഹിത വിഭാഗം ആരോഗ്യ മന്ത്രി വീണ ജോർജും സ്കാനിങ് യൂനിറ്റ് മന്ത്രി കെ. രാജനും ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു. കെട്ടിടത്തിലെ 47 മുറികൾ അടഞ്ഞുകിടക്കുകയാണ്. ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ സജ്ജമാക്കണം.