കൊടുങ്ങല്ലൂർ നഗരസഭ; വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നു
text_fieldsകൊടുങ്ങല്ലൂർ: വടക്കേനടയിലെ വഴിയോര കച്ചവടക്കാരെ നഗരസഭ പുനരധിവസിപ്പിക്കുന്നു. കാവിൽ കടവിൽ പുനരധിവസിപ്പിക്കുന്ന കച്ചവടക്കാർക്കുള്ള സ്റ്റാളുകളുടെ താക്കോൽദാനം ഏപ്രിൽ 19ന് രാവിലെ 10.30ന് വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കും.
വർഷങ്ങളായി മിനി സിവിൽ സ്റ്റേഷൻ സമീപത്ത് കച്ചവടം ചെയ്യുന്ന 17 പേരെയാണ് നഗരസഭ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിലേക്ക് മാറ്റുന്നത്. കാവിൽ കടവിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് സമീപം 17 സ്റ്റാളുകൾ അടച്ചുറപ്പോടെ നിർമിച്ച് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയാണ് മാറ്റുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ മൂന്ന് വർഷം മുമ്പ് തീരുമാനിച്ചെങ്കിലും കോവിഡ് ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ വിനിയോഗിച്ച് വടക്കേനടയിൽ സിവിൽ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നും ആക്ടിങ് ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.