ശാസ്ത്രീയ ഖര-ദ്രവ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ കൊടുങ്ങല്ലൂർ നഗരസഭ
text_fieldsകൊടുങ്ങല്ലൂർ നഗരസഭ ഒരുക്കിയ ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനം
കൊടുങ്ങല്ലൂർ: ശാസ്ത്രീയമായ ഖര-ദ്രവ മാലിന്യ സംസ്കരണം ഉറപ്പുവരുത്താൻ പ്രദർശനവും നടപടികളുമായി കൊടുങ്ങല്ലൂർ നഗരസഭ. ഇതോടനുബന്ധിച്ച് ടൗൺഹാളിൽ ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
നഗരസഭ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ബേക്കറികൾ, ചായക്കടകൾ, ഫ്ലാറ്റുകൾ, ഓഡിറ്റോറിയം, ഹോസ്പിറ്റൽ, റസിഡൻസ് അസോസിയേഷനുകൾ, കാറ്ററിങ് സർവിസ് എന്നിവിടങ്ങളിൽ ശാസ്ത്രീയമായ ഖര -ദ്രവ മാലിന്യ സംസ്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ അധികൃതർ വിളിച്ചുചേർത്ത യോഗത്തിനോടൊപ്പമായിരുന്നു പ്രദർശനം.
വ്യാപാരികൾക്കും ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവയ്ക്കും ഖര ദ്രവ മാലിന്യമുൾപ്പെടെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ നൂതന ഉപകരണങ്ങൾ ഈ പ്രദർശനത്തിലുണ്ടായി. പ്രവർത്തന രീതികളുടെ വിവരണവും ഉണ്ടായി. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ഉപകരണങ്ങളും പ്രദർശിപ്പിച്ചു.
നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ജൂലൈ ഒന്നിന് മുമ്പായി അതാത് സ്ഥാപനങ്ങളിലെ ദ്രവമാലിന്യ സംസ്കരണം ശാസ്ത്രീയമായി നടത്തുന്നതിന് സംവിധാനം ഒരുക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് ഇപ്പോൾ നഗരസഭ ഏർപ്പെടുത്തിയ ഹരിതകർമ സേന അംഗങ്ങളുടെ സേവനം എല്ലാവരും നിർബന്ധമായി പ്രയോജനപ്പെടുത്തണം. കാനകളിലേക്ക് ദ്രവമാലിന്യമൊഴുക്കുന്നതിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
ഏപ്രിൽ ഒന്നുമുതൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററുകൾക്കെതിരെ നടപടിയെടുക്കും. കോഴി അവശിഷ്ടങ്ങൾ സർക്കാർ അംഗീകൃത പ്ലാന്റുകൾക്ക് കൈമാറണം.
നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, അപ്പാർട്ട്മെന്റുകൾ, റസിഡൻസ് അസോസിയേഷനുകൾ, ബേക്കറികൾ, ലോഡ്ജുകൾ എന്നിവയിലെ പ്രതിനിധികൾ പങ്കെടുത്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൽ.സി. പോൾ, ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, ഷീല പണിക്കശ്ശേരി, നഗരസഭ സെക്രട്ടറി എൻ.കെ. വൃജ, ശുചിത്വ മിഷൻ കോഓഡിനേറ്റർ രജനീഷ് എന്നിവർ സംസാരിച്ചു.