ശ്രീകുമാരൻ തമ്പി വിളിച്ചറിയിച്ച പുരസ്കാരം വാങ്ങാൻ ഇനി ജയചന്ദ്രനില്ല
text_fieldsകൊടുങ്ങല്ലൂർ: ആ പുരസ്കാരത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി വിളിച്ചറിയിച്ചിരുന്നു. എങ്ങനെ കൈമാറണമെന്ന് സംഘാടകരും തീരുമാനിച്ചിരുന്നു. പക്ഷേ, പാട്ടിന്റെ പാലാഴി തീർത്ത ആ ഭാവഗായകൻ ഇത്ര പെട്ടെന്ന് കടന്നുപോകുമെന്ന് ആരും നിനച്ചില്ല.
അതുകൊണ്ട് ഇത്തവണത്തെ പി.ഭാസ്കരൻ സ്മാരക പുരസ്കാരം പി. ജയചന്ദ്രന് സമ്മാനിക്കാൻ കഴിയാത്തതിന്റെ നൈരാശ്യവും ആ വേർപാടിന്റെ വേദനയും പങ്കുവെക്കുകയാണ് കൊടുങ്ങല്ലൂരിലെ പി. ഭാസ്കരൻ ഫൗണ്ടേഷൻ ചെയർമാൻ സി.സി.വിപിൻ ചന്ദ്രൻ. എം.ടി ഉൾപ്പെടെ പ്രതിഭാശാലികളെ പി. ഭാസ്കരൻ പുരസ്കാരം നൽകി ആദരിച്ച ഫൗണ്ടേഷൻ ഇത്തവണ പുരസ്കാരം നൽകാൻ തീരുമാനിച്ചിരുന്നത് ഗായകൻ പി. ജയചന്ദ്രനായിരുന്നു.
പി. ഭാസ്കരൻ ഫൗണ്ടേഷൻ രക്ഷാധികാരി കൂടിയായ ശ്രീകുമാരൻ തമ്പി ഈ കാര്യം ജയചന്ദ്രനെ വിളിച്ച് അറിയിച്ചിരുന്നതുമാണ്.
ഫെബ്രുവരിയിൽ നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ ജയചന്ദ്രന് എത്താൻ കഴിഞ്ഞില്ലെങ്കിൽ ഗായകരായ എം.ജി. ശ്രീകുമാർ , സുജാത എന്നിവരെ കൊണ്ട് പുരസ്കാരം ഏറ്റുവാങ്ങിപ്പിക്കുവാനും പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി സമർപ്പിക്കാനും തീരുമാനിച്ചിരുന്നതായി വിപിൻ ചന്ദ്രൻ വ്യക്തമാക്കി.
1965 ൽ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന് തുടങ്ങുന്ന പി.ഭാസ്കരന്റെ വരികൾ പാടികൊണ്ടാണ് ജയചന്ദ്രൻ ചലച്ചിത്ര ഗാനശാഖയിലേക്ക് കടന്നുവന്നത്. പിന്നീട് അദ്ദേഹത്തെ മലയാളിയുടെ പ്രിയ ഗായകനാക്കി മാറ്റിയ ‘മഞ്ഞലയിൽ മുങ്ങി തോർത്തി മധു മാസ ചന്ദ്രിക വന്നു’ എന്ന ഗാനവും ഭാസ്കരൻ മാഷിന്റേതായിരുന്നു. സംഗീതം ദേവരാജന്റെയും.
പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘കള്ളിച്ചെല്ലമ്മ’ സിനിമയിലെ ‘കരിമുകിൽ കാട്ടിലെ, രജനിതൻ വീട്ടിലെ’ എന്ന ഗാനം പാടിയതും ജയചന്ദ്രനാണ്.
പി. ഭാസ്കരന്റെ പാട്ടുകളെ ഹൃദയത്തോട് ചേർത്ത ജയചന്ദ്രൻ ആ വരികൾ കൊടുങ്ങല്ലൂരിലെ പി. ഭാസ്കരൻ സ്മാരക പുരസ്കര സമർപ്പണ വേദികളിൽ ആലപിക്കുമായിരുന്നു. 2010ൽ പി. ഭാസ്കരൻ പുരസ്കാരം ഒ.എൻ.വി എം.ടി. വാസുദേവൻ നായർക്ക് സമ്മാനിച്ച ശ്രീകുമാരൻ തമ്പിയും ജോൺ പോളുമെല്ലാം പങ്കെടുത്ത വേദിയിൽ ‘കരിമുകിൽ കാട്ടിലെ’ ഏറെ വൈകാരികമായി ജയചന്ദ്രൻ പാടുകയുണ്ടായി.
മറ്റൊരിക്കൽ ശ്രീകുമാരൻ തമ്പിക്ക് പി.ഭാസ്കരൻ പുരസ്കാരം സമ്മർപ്പിച്ച വേദിയിൽ പി. ഭാസ്കരന്റെ പാട്ടുകൾ കോർത്തിണക്കിയ ഗാനമേള നയിച്ചത് ജയചന്ദ്രനും വൈക്കം വിജയലക്ഷ്മിയുമായിരുന്നു.
‘നീലമല പൂങ്കിയിലേ നീ കൂടെ പോരുന്നോ, നിൻ ചിരിയാൽ ഞാൻ ഉണർന്നു. നിൻ അഴകാൽ ഞാൻ മയങ്ങി’ തുടങ്ങിയ ആസ്വാദക ലോകം ഹൃദയത്തിൽ സൂക്ഷിക്കുന്ന പല പാട്ടുകളും ആ ഭാവ ഗായകനിൽ നിന്ന് നേരിൽ കേൾക്കാൻ കൊടുങ്ങല്ലൂരിന് അവസരമുണ്ടായി.
പി. ഭാസ്കരൻ പുരസ്കാരം സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന് സമർപ്പിച്ച ‘ഭാസ്കര സ്മൃതി’യിലും ഭാസ്കരൻ മാഷിന്റെ പാട്ടും വർത്തമാനങ്ങളുമായി ജയചന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. പി. ഭാസ്കരൻ ഫൗണ്ടേഷനുമായി ജയചന്ദ്രന് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ചെയർമാൻ സി.സി. വിപിൻചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.