വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഗ്രാമപഞ്ചായത്ത് തലത്തില്‍ ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഇന്റലിജന്റ് പഞ്ചായത്താകാന്‍ ഒരുങ്ങി ശ്രീനാരായണപുരം. ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസനക്ഷേമ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനുമുള്ള പദ്ധതിയാണ് ഇന്റലിജന്റ് പഞ്ചായത്ത്.
ചരിത്രം, വ്യക്തിഗത ഡാറ്റകള്‍, റോഡുകള്‍, തോടുകള്‍, പാലങ്ങള്‍, ജലസംഭരണ കേന്ദ്രങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവയുടെ ഡ്രോണ്‍ ഇമേജ് സഹിതമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക.
ഡ്രോണ്‍ സർവേയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവന്‍ ഭൂപ്രദേശങ്ങളെയും കുറിച്ചുള്ള വ്യക്തവും സൂക്ഷ്മവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഭൗമവിവര സാങ്കേതിക വിദ്യയിലൂടെ എല്ലാ വിവരങ്ങളും ലൊക്കേഷന്‍ അധിഷ്ഠിതമായി ഡിജിറ്റലായി സൂക്ഷിക്കും.
തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ ഈമാസം ആറിന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഇന്റലിജന്റ് പഞ്ചായത്ത് പ്രഖ്യാപനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ഇ.ടി. ടൈസണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.