കോഴിയെ പിടിക്കാനിറങ്ങിയ കുറുക്കനെ ബൈക്കിടിച്ചു; ബൈക്ക് യാത്രികനും കുറുക്കനും പരിക്ക്
text_fieldsമതിലകം: കോഴിവണ്ടിയിൽനിന്ന് വീണ കോഴിയെ പിടിക്കാൻ റോഡിലിറങ്ങിയ കുറുക്കന്റെ മേൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനും കുറുക്കനും പരിക്ക്. ബൈക്കിനും നാശനഷ്ടമുണ്ടായി.
പെട്രോൾ പമ്പിൽ ജോലിക്ക് പോകുകയായിരുന്ന യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. കുറുക്കൻമാരുടെ ശല്യം വർധിച്ചുവരുന്ന മതിലകം കളരി പറമ്പിലാണ് സംഭവം. നേരത്തെ അതിരാവിലെ പത്രവിതരണം നടത്തുന്ന യുവാവിനെ കുറുക്കൻമാർ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുകയുണ്ടായി.
ആളുകൾ നോക്കി നിൽക്കേ കൂട്ടമായി വന്ന് കോഴികളെയും താറാവുകളെയും പിടിച്ച് കൊണ്ട് പോകുന്നത് പ്രദേശത്ത് പതിവുസംഭവമാണ്. പെരുംതോടിന് സമീപമുള്ള പൊന്തക്കാടുകളിലും ഉപയോഗശൂന്യമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവ കൂട്ടമായി താമസിക്കുന്നത്. പരിക്ക് പറ്റിയ കുറുക്കനെ ഹരി മതിലകത്തിന്റെ നേതൃത്വത്തിൽ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
ഉദ്യോഗസ്ഥർ കുറുക്കനെ കൂട്ടിലാക്കി തുടർ ചികിത്സക്കായി കൊണ്ടുപോയി. പ്രദേശത്തെ കുറുക്കൻമാരുടെ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.