മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ ബി.ജെ.പി വിട്ടു
text_fieldsകൊടുങ്ങല്ലൂർ: മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് വീണ്ടും ജെ.എസ്.എസിൽ ചേർന്നു. രണ്ടു വർഷമായി ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്ത് വന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ബി.ജെ.പിയിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഉമേഷ് ചള്ളിയിൽ വ്യക്തമാക്കി.
2012ൽ ജെ.എസ്.എസിൽ ഉണ്ടായ പിളർപ്പിനെ തുടർന്നാണ് പാർട്ടി വിട്ടത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെകട്ടറി രാജൻബാബു, ഉമേഷ് ചള്ളിയിലിനെ സ്വീകരിച്ചു. 25ന് ചേരുന്ന ജെ.എസ്.എസ് സെൻട്രൽ കമ്മിറ്റി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.