മുൻ ബി.ജെ.പി നേതാവിന് സീറ്റില്ല; പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു
text_fieldsകൊടുങ്ങല്ലൂർ: ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം മുൻ നേതാവിന് സീറ്റ് നൽകാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. എടവിലങ്ങിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിലായിരുന്നു സംഘർഷം. നേതാവിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവർത്തകർ മേഖല ഓഫിസിൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
തർക്കത്തെ തുടർന്ന് എടവിലങ്ങ് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ സ്ഥാനാർഥിനിർണയം നീണ്ടുപോയിരുന്നു. ഇതേതുടർന്ന് ഞായറാഴ്ചയാണ് വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്നാണ് മുൻ ഭാരവാഹിയുടെ അനുയായികൾ പ്രകോപിതരായത്. പ്രതിഷേധക്കാരും ഓഫിസിലുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ. ബൈജുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് സി.ഐ പി.കെ. പത്മരാജൻ പറഞ്ഞു.