തീപിടിത്തവും അണുനശീകരണവും; നെട്ടോട്ടമോടി അഗ്നിശമനസേന
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ അഗ്നിശമന സേന ബുധനാഴ്ച നെട്ടോട്ടത്തിലായിരുന്നു. രണ്ടിടത്ത് തീപിടിത്തം അണച്ചതിന് പുറമെ രണ്ട് വിദ്യാലയങ്ങൾ അണുനശീകരണവും നടത്തി. മേത്തല എ.കെ.ജിക്ക് സമീപമാണ് കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ തീപിടിത്തമുണ്ടായത്.
പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ഉണങ്ങിയ ഇലകൾ കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. കൊടുങ്ങല്ലൂർ ഫയർഫോഴ്സിെൻറ രണ്ട് യൂനിറ്റ് അര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കൊടുങ്ങല്ലൂർ തെക്കേ നടയിൽ ട്രാൻസ്ഫോർമർ കേബിളിന് തീപിടിച്ച് കത്തിയതും പരിഭ്രാന്തിയുണ്ടാക്കി.
ഫയർഫോഴ്സ് പാഞ്ഞെത്തിയാണ് തീ അണച്ചത്. ഇതിനിടെയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തുടങ്ങുന്നതിനാൽ കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും, കരൂപ്പടന ഗവ. ഹയർ സെക്കൻഡറി സ്കൂളും സേന അണുമുക്മാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.എൻ. സുധൻ, പി.ബി. സുനി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്ക്) മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) വിപീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശ്യാംകുമാർ, പി.ജെ. സുജിത്ത് ദിലീപ്, സുജിത്ത് തോമസ്, അരുൺദാസ് എന്നിവർ നേതൃത്വം നൽകി.