ഏഴ് പഞ്ചായത്തുകളിൽ 80.30 കോടിയുടെ വൈദ്യുതി നവീകരണ പദ്ധതി
text_fieldsകൊടുങ്ങല്ലൂർ: വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിടുന്ന ആർ.ഡി.എസ്.എസ് (റീവാംപ്ഡ്-റിസൽറ്റ് ലിങ്ക്ഡ് ആൻഡ് റീഫോം ബേസ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിലൂടെ കയ്പമംഗലം നിയോജക മണ്ഡലത്തിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ 80.30 കോടി രൂപയുടെ നവീകരണം നടപ്പാക്കുന്നു.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഒന്നാംഘട്ടത്തിൽ പഞ്ചായത്തുകളിൽ വിതരണ, പ്രസരണ വിഭാഗങ്ങളിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കും. ഒപ്പം പഴയത് മാറ്റി പുതിയത് സ്ഥാപിക്കും.
പുതിയ 11 കെ.വി ലൈനുകളും എൽ.ടി ലൈനുകളും വലിക്കൽ, എൽ.ടി ലൈൻ റീകണ്ടക്ടറിങ് തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ദീർഘനേരം വരുന്ന പവർ കട്ടിങ്ങിനും വൈദ്യുതി മേഖലയിൽ നേരിടുന്ന പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന് യോഗം വിലയിരുത്തി .
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.