എടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രം; ഡോക്ടർമാർ സമയനിഷ്ട പാലിക്കുന്നില്ല
text_fieldsrepresentational image
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം തോന്നുംപോലെയെന്ന് ആക്ഷേപം. പനിയും മറ്റു അസുഖങ്ങളും വർധിച്ച വേളയിലാണ് ഡോക്ടർമാരുടെ ഡ്യൂട്ടി നിർവഹണത്തിലെ അലംഭാവമെന്ന പരാതി ഉയർന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30നുശേഷം ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ആരും ഉണ്ടായിരുന്നില്ലെന്ന് ചികിത്സ തേടിയെത്തിയവർ പറഞ്ഞു. അസുഖബാധിതരായി വന്നവർ പലരും ഡോക്ടറെ കാണാനാകാതെ മടങ്ങുകയായിരുന്നു.
മൂന്ന് ഡോക്ടർമാരെ നിയോഗിച്ചിട്ടുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. വൈകീട്ട് ആറുവരെ ഇവിടെ ഒ.പി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡോക്ടർമാർ നേരത്തേ തന്നെ സ്ഥലംവിടുന്നത് പതിവാണെന്ന് പഞ്ചായത്ത് നിവാസികൾ പറയുന്നു. ചികിത്സ തേടിയെത്തുന്നവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയെയും മറ്റും ആശ്രയിക്കുകയാണ്.
പനി പടർന്ന് പിടിച്ച സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിലും തിരക്കേറിയിരിക്കുകയാണ്. മെഡിക്കൽ ഓഫിസർ ഉൾപ്പെടെ രണ്ട് ഡോക്ടർമാർ സേവനമനുഷ്ഠിച്ചിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെ നിയമിച്ചത് ഗ്രാമപഞ്ചായത്താണ്. ഡി.എം.ഒ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മെഡിക്കൽ ഓഫിസർ തൃശൂരിലേക്ക് പോയതാണെന്നും ഡ്യൂട്ടി ക്രമീകരണം കൃത്യമായി നടപ്പാക്കാൻ നിർദേശം നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണൻ പറഞ്ഞു.