അനധികൃത കണക്ഷൻ വഴി കുടിവെള്ളമൂറ്റൽ; വീട്ടുടമക്ക് 1.36 ലക്ഷം രൂപ പിഴ
text_fieldsവി.പി. തുരുത്തിൽ ജല മോഷണം പരിശോധിക്കുന്ന അധികൃതർ
കൊടുങ്ങല്ലൂർ: ശുദ്ധജല ക്ഷാമം നേരിടുന്ന മേത്തല വി.പി തുരുത്തിൽ അനധികൃതമായി കുടിവെള്ളം ഊറ്റിയ സംഭവത്തിൽ വീട്ടുടമക്ക് 1.36 ലക്ഷം രൂപ പിഴ. വാട്ടർ അതോറിറ്റി കൊടുങ്ങല്ലൂർ സെക്ഷൻ പരിധിയിൽ വരുന്ന 75 എം.എം. മെയിൻ ലൈനിൽ നിന്നും അനധികൃതമായി കണക്ഷൻ എടുത്ത് രണ്ടുവർഷം ശുദ്ധജലം മോഷ്ടിച്ച വി.പി തുരുത്ത് തേനാലിപറമ്പിൽ ഷിനിൽ ഷാദിനെതിരെയാണ് നടപടി.
ബിൽ തുകയായി 1.06 ലക്ഷം രൂപയും പിഴയായി 30000 രൂപയുമാണ് ചുമത്തിയത്. ഇതു സംബന്ധിച്ച നോട്ടീസ് അധികൃതർ സിനിൽഷാദിന് നൽകി. ജല അതോറിറ്റി കൊടുങ്ങല്ലൂർ പൊലീസിലും പരാതി നൽകി.
പുഴയുടെ സമീപമുള്ള സിനിൽഷാദിന്റെ പുരയിടത്തിലൂടെ പോയിട്ടുള്ള ജല അതോറിറ്റിയുടെ മെയിൻ ലൈനിൽ നിന്നാണ് അനധികൃതമായി കണക്ഷൻ എടുത്ത് 80,000 ലിറ്ററോളം ശേഷിയുള്ള ടാങ്കിൽ വെള്ളം ശേഖരിക്കുകയാണ് ചെയ്തിരുന്നത്. ഈ ജലം ഉപയോഗിച്ച് പുഴയിൽ നിന്ന് വാരുന്ന ഉപ്പു മണൽകഴുകി വൃത്തിയാക്കി വിൽപന നടത്തുന്നതായാണ് അധികൃതർക്ക് വിവരം ലഭിച്ചത്. തുടർന്ന് ഇയാളുടെ പിതാവിന്റെ പേരിലുള്ള കണക്ഷൻ വിഛേദിക്കുകയും പിഴ ഈടാക്കുന്നതിനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
കുടിവെളളത്തിൽ ഉപ്പുരസം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡ് അംഗവും പ്രദേശവാസിയും ജല അതോറിറ്റിയിലെത്തി പരാതി പറയുകയായിരുന്നു. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് വാൽവും ഓസും ഘടിപ്പിച്ച് കുടിവെള്ളം ഊറ്റുന്നത് കണ്ടെത്തിയത്. അനധികൃത ജലമൂറ്റലിനെതിരെ നേരത്തേ പരാതി ഉയർന്നിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

