മൂക്കുകൊണ്ട് 'ക്ഷ' മാത്രമല്ല; സൂര്യയെയും വരക്കാം
text_fieldsകൊടുങ്ങല്ലൂർ: മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമെന്ന ചൊല്ലു മാത്രം കേട്ടിട്ടുള്ള മലയാളിക്ക് മുന്നിൽ മൂക്കുകൊണ്ട് തമിഴ് നടൻ സൂര്യയെയും വരക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ ചിത്രകല പ്രതിഭ ഇന്ദ്രജിത്ത്. കൈവിരലുകള്‍ കൊണ്ട് നടൻ ടൊവീനോയെയും കാല്‍വിരലുകള്‍ കൊണ്ട് വിജയ്യെയും വരച്ച അനുഭവത്തിൽ നിന്നാണ് പുതിയ പരീക്ഷണം.
കൈവിരലും കാല്‍വിരലും പോലെ എളുപ്പമല്ല മൂക്കുകൊണ്ട് വരക്കുന്നതെന്ന് സ്വന്തം അനുഭവത്തിൽനിന്ന് ഈ പ്ലസ് വൺ വിദ്യാർഥിക്ക് വ്യക്തമായി. സൂക്ഷിച്ചില്ലെങ്കില്‍ തൊലി ഉരഞ്ഞ് മൂക്കിന് മുറിവേൽക്കും. സൂര്യയെ വരച്ച് മുക്കാൽ ഭാഗം പൂർത്തിയാക്കിയതോടെ മൂക്കിന് പരിക്കു പറ്റിയ ഇന്ദ്രജിത്ത് പിന്നീട് പ്ലാസ്റ്റർ ഒട്ടിച്ചാണ് പൂർത്തിയാക്കിയത്.
ചിത്രം വരയ്ക്കുന്ന ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ച് അതിനു മുകളില്‍ തുണിയില്‍ മൂന്ന് ദിവസം കൊണ്ടാണ് ചിത്രം തീർത്തത്.
കൊടുങ്ങല്ലൂര്‍ സൂര്യ ഫാന്‍സിെൻറ ആഗ്രഹപ്രകാരം ജൂലൈ 23ന് സൂര്യയുടെ ജന്മദിന സമ്മാനമായാണ് വ്യത്യസ്തമായി ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്. നിരവധി മാധ്യമങ്ങൾ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്ന ഡാവിഞ്ചി സുരേഷിെൻറ മകനാണ് ഇന്ദ്രജിത്ത്.
തുടക്കം മുതല്‍ അവസാനം വരെയുള്ള ടൈം ലാപ്സ് വിഡിയോയും എടുത്തിട്ടുണ്ട്. അക്രിലിക് കളറുകള്‍ ആണ് ആറടി ഉയരവും നാലര അടി വീതിയുമുള്ള ഈ ചിത്രം വരക്കാന്‍ ഉപയോഗിച്ചത്. ചിത്രത്തിെൻറ സ്കെച്ചും നിറക്കൂട്ടും സാധാരണ പോലെ ചെയ്ത ഇന്ദ്രജിത്ത് പെയിൻറിങ് പൂർണമായി മൂക്കുകൊണ്ട് വരക്കുകയായിരുന്നു.