മഹോത്സവ നിറവിൽ കൊടുങ്ങല്ലൂർ
text_fieldsഒന്നാം താലപ്പൊലിയുടെ എഴുന്നള്ളിപ്പ് െകാടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിച്ചപ്പോൾ
കൊടുങ്ങല്ലൂർ: ശ്രീകുരുംബകാവും പരിസരവും നിറഞ്ഞുനിന്ന ഉൽസവ പ്രേമികൾക്ക് ആനന്ദാനുഭൂതി പകർന്ന് കൊടുങ്ങല്ലൂർ താലപ്പൊലിയുടെ ഒന്നാം ദിനം. താളമേള വർണ കാഴ്ചകളുടെ നിറവിലായിരുന്നു ഭക്തർ. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി എത്തിയ മലയരന്മാർ രാവിലെ പ്രത്യേക ചടങ്ങുകളോടെ ഇരുമുടി കെട്ടിൽ കൊണ്ടുവന്ന പൂജാ സാമഗ്രികൾ ഭക്തി സാന്ദ്രതയോടെ ക്ഷേത്രസന്നിധിയിൽ സമർപ്പിച്ചു. കുടുംബി സമുദായക്കാർ വാദ്യമേളങ്ങളോടെ നടന്നെത്തി ആചാരപൂർവം ആടിനെ നട തള്ളി.
ഉച്ചയോടെ തെക്കേ നടയിൽ നിന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ പകൽ പൂരം തുടങ്ങിയതോടെ ആളുകളിൽ ഉത്സവഹരം കയറി തുടങ്ങി. പഞ്ചവാദ്യത്തോടെ തുടങ്ങിയ എഴുന്നെള്ളിപ്പ് പിന്നെ പാണ്ടിമേളത്തിന് വഴിമാറി. രണ്ടുമേളവും താളമിട്ടും കൈ ഉയർത്തിയും തല കുലുക്കിയുമെല്ലാം ക്ഷേത്രാങ്കണത്തിൽ തമ്പടിച്ച മേള പ്രേമികൾ ആവോളം ആസ്വദിച്ചു. മേള കുലപതി ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാരാണ് പാണ്ടി നയിച്ചത്.
ദീപാരാധന കഴിഞ്ഞതോടെ കാവ് കതിനവെടികൾക്കും കരിമരുന്ന് പ്രയോഗത്തിനും വഴിമാറി. പിറകെ കൊട്ടിപ്പാടി സേവയും, ഭരതനാട്യവുമായി വേദികളും ഉണർന്നു.
ഒരു മണിയോടെ നടന്ന എഴുന്നെള്ളിപ്പും അടന്ത മേളവും പിറകെ പഞ്ചാരിയുമെല്ലാം പിന്നിട്ട് കരിമരുന്ന് പ്രയോഗത്തോടെയാണ് ഒന്നാം താലപ്പൊലിക്ക് സമാപനമായത്. ഒന്നാം താലപ്പൊലിയുടെ സമർപ്പണം കൊടുങ്ങല്ലൂർ ഒ.കെ.യോഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

