വിശപ്പേ...നിന്നോട് മാപ്പ്
text_fieldsഎസ്.എൻ പുരം ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച ഭക്ഷണ അലമാര തകർത്തനിലയിൽ
കൊടുങ്ങല്ലൂർ: വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിന് സ്ഥാപിച്ച ഭക്ഷണ അലമാര സാമൂഹികവിരുദ്ധർ തകർത്തു. പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ശ്രീനാരായണപുരം യൂനിറ്റ് എസ്.എൻ പുരം ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച ഭക്ഷണ അലമാരയാണ് സാമൂഹികവിരുദ്ധർ തകർത്തത്.
ചൊവ്വാഴ്ച രാവിലെ എത്തിയ ഓട്ടോ തൊഴിലാളികളാണ് അലമാര തകർത്തത് കണ്ടത്. അലമാരയുടെ ചില്ല് കല്ലുകൊണ്ടാണ് തകർത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് യൂനിയൻ ഭാരവാഹികൾ മതിലകം പൊലീസിൽ പരാതി നൽകി. ഫെബ്രുവരി 26ന് ഇ.ടി. ടൈസൺ എം.എൽ.എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വിശക്കുന്നവന്റെ ഭക്ഷണത്തിൽപോലും അസഹിഷ്ണുത കാണിക്കുന്ന സമൂഹികവിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും എ.ഐ.ടി.യു.സി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.
സി.പി.ഐ കയ്പമംഗലം സെക്രട്ടറി ടി.പി. രഘുനാഥ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ. റഫീഖ്, പ്രസിഡന്റ് കെ.സി. ശിവരാമൻ, മോട്ടോർ തൊഴിലാളി യൂനിയൻ മണ്ഡലം സെക്രട്ടറി സി.ബി. അബ്ദുൽ സമദ്, പ്രസിഡന്റ് പി.ഐ. നിഷാദ് എസ്.എൻ പുരം യൂനിറ്റ് സെക്രട്ടറി ടി.ആർ. സജീവൻ, പ്രസിഡന്റ് പി.കെ. ജയൻ, സി.സി. സജീവൻ എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു.