ദേശീയപാതക്കരികിലെ കുഴി അപകടഭീഷണി
text_fieldsഎസ്.എൻ പുരം അഞ്ചാംപരുത്തി വെളുത്തകടവിൽ ദേശീയപാതക്കരികിലെ കുഴി
കൊടുങ്ങല്ലൂർ: എസ്.എൻ പുരം വെളുത്തകടവിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണെടുത്ത കിടങ്ങിന് സമാനമായ കുഴി അപകടഭീഷണിയാകുന്നു. അഞ്ചാംപരുത്തി വെളുത്തകടവിൽ മസ്ജിദിന് സമീപം റോഡിനോട് ചേർന്നാണ് വൻ കുഴിയുള്ളത്. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അരിക് ഒതുക്കിയാൽ കുഴിയിലേക്ക് വീഴുന്ന സാഹചര്യമാണുള്ളത്. റോഡിന് വീതി കുറഞ്ഞ ഇവിടെ വാഹനങ്ങൾ കുഴിയുടെ അരികിലൂടെയാണ് പോകുന്നത്. അപരിചിതർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. മാസങ്ങൾക്ക് മുമ്പാണ് കുഴിയെടുത്തത്.
മണ്ണെടുക്കുന്നതിനിടെ കേരള വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. ഇതോടെ കുഴി വലുതായി. ക്രമേണ റോഡും കുഴിയിലേക്ക് ഇടിയാൻ സാധ്യതയുണ്ട്. ദേശീയപാത നിർമിക്കുന്നവരും അധികാരികളും വിഷയം ഗൗനിക്കാൻ തയാറായിട്ടില്ല.

