വാക്സിൻ സന്ദേശവുമായി വിദ്യാർത്ഥി സംഘത്തിൻ്റെ സൈക്കിൾ യാത്ര
text_fieldsകൊടുങ്ങല്ലൂരിലെ വിദ്യാർത്ഥികളുടെ വാക്സിൻ സന്ദേശ യാത്ര തൃശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.എസ് ജയ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊടുങ്ങല്ലൂർ: "ബി വാക്സ് ശാസ്ത്രമാണ് സത്യം; സാമൂഹിക നന്മയ്ക്ക് എല്ലാവരും വാക്സിൻ എടുക്കുക" എന്ന സന്ദേശവുമായി കൊടുങ്ങല്ലൂരിലെ പ്രഫഷണൽ വിദ്യാർത്ഥികൾ കന്യാകുമാരി മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര ചെയ്യുന്നു. കോവിഡ് മഹാമാരി മനുഷ്യ ജീവിതത്തെയും സാമൂഹിക അവസ്ഥയെയും തകിടംമറിച്ച ഈ കാലഘട്ടത്തിൽ ഇതിനെതിരെ അതിജീവനത്തിനായി പൊരുതുന്ന ലോകത്തെ മനുഷ്യർക്ക് ആകമാനം ഐക്യദാർഢ്യവുമായാണ് സന്ദേശ യാത്ര.
കൊടുങ്ങല്ലം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അലൻ ജോഷി, അക്ഷത് .കെ .ബാബു, ജിബിൻ ജോഷി, അനന്തപത്മനാഭൻ മഠത്തിൽ എന്നീ വിദ്യാർത്ഥികളാണ് സൈക്കിൾ യാത്ര നടത്തുന്നത്. എൻജിനീയറിങ്, ഐ.ടി.ഐ വിദ്യാർത്ഥികളായ ഇവർ അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പേരിലും മറ്റു കാരണങ്ങളാലും വാക്സിൻ എടുക്കാൻ മടിക്കുന്ന വിഭാഗത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചരണ യാത്ര നടത്തുന്നത്.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങൾ 29 ദിവസം കൊണ്ട് സൈക്കിൾ ചവിട്ടി തീർക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഓൺലൈനിൽ പഠനവും നടത്തിയായിരിക്കും യാത്ര. ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല അങ്കണത്തിൽ ചേർന്ന യാത്രയയപ്പ് യോഗം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.എസ്. ജയ ഫ്ലാഗ് ഓഫ് ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജൻ അഭിനന്ദന സന്ദേശം നൽകി. ഗ്രാമദീപം ക്ലബ്ബ് പ്രസിഡണ്ട് സി.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി യു.ടി പ്രേംനാഥ്, പി.കെ വത്സൻ എന്നിവർ സംസാരിച്ചു.