കണ്ടതെല്ലാം പെറുക്കി കെട്ടിത്തൂക്കി; തെളിഞ്ഞത് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രത്തോടൊപ്പം ഇന്ദ്രജിത്ത്
കൊടുങ്ങല്ലൂർ: കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം പെറുക്കിയെടുത്ത് നൂലിൽ കെട്ടിത്തൂക്കിയാൽ ഒരു ചിത്രമാകുമോ? അതും ലോകോത്തര ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ. സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് ഡാവിഞ്ചി എന്ന കൗമാര പ്രതിഭ. ചിത്രകാരൻ ഡാവിഞ്ചി സുരേഷിെൻറ മകനാണ് ഈ കലാകാരൻ.
പലവിധ സാധങ്ങൾ ഒരു നിശ്ചിത അകലത്തിൽ നൂലിൽ പല അളവുകളിലായി മുകളിൽ സ്ഥാപിച്ച ഗ്രിൽ കമ്പിയിൽ കെട്ടിയിട്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമൊരുക്കിയത്. ത്രീഡി ഇല്യൂഷൻ പൊലെ ഒരു വ്യൂ പോയന്റിൽ വരുമ്പോൾ മാത്രമാണ് ചിത്രം തെളിയുക. 10 ദിവസം എടുത്താണ് പ്ലസ് വൺ വിദ്യാർഥിയായ ഇന്ദ്രജിത്ത് ചിത്രം തയാറാക്കിയത്.
തറയിൽ തൊടാതെ നൂലുകളിൽ തൂങ്ങിക്കിടക്കുന്ന രീതിയിൽ സെറ്റ് ചെയ്യാൻ കുപ്പിയും പാട്ടയും കല്ലും കമ്പിയും അടങ്ങുന്ന നിരവധി സാധനങ്ങളാണ് ഉപയോഗിച്ചത്. വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങൾ ഇന്ദ്രജിത്ത് ഇതിനു മുമ്പും ഉണ്ടാക്കിയിട്ടുണ്ട്. കൈവിരൽ, കാൽവിരൽ, ചുണ്ട്, മൂക്ക് എന്നിവ വരയുടെ ആയുധമാക്കി പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട്. മൂക്കുകൊണ്ട് സൂര്യയെ വരച്ചതും ചുണ്ടുകൾകൊണ്ട് മോഹൻലാലിനെ വരച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ ട്വിറ്ററിൽ ഷെയർ ചെയ്യുകയും മോഹൻലാൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നതായി പിതാവ് സുരേഷ് പറഞ്ഞു.