തരിശിടങ്ങളിൽ പച്ചപ്പ് പടർത്തി 'ചുവപ്പൻ' കൃഷി
text_fieldsസി.പി.എം പോഴങ്കാവ് ബ്രാഞ്ചിന്റെ കൃഷിയിടം
കൊടുങ്ങല്ലൂർ: തരിശിടങ്ങളിൽ പച്ചപ്പ് പടർത്തിയ 'ചുവപ്പൻ' കൃഷിയുടെ വിളവെടുപ്പ് തകൃതി. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്രാഞ്ച് തലങ്ങളിൽ തുടക്കം കുറിച്ച പച്ചക്കറി കൃഷിയാണ് വിളവെടുപ്പിൽ എത്തി നിൽക്കുന്നത്. സി.പി.എം കൊടുങ്ങല്ലൂർ ഏരിയയിലെ 127 ബ്രാഞ്ചുകളിൽ 65 ഏക്കറിലാണ് കേരള കർഷകസംഘവുമായി സഹകരിച്ച് സംയോജിത കൃഷി നടത്തിയത്. ഇതിൽ മിക്ക ബ്രാഞ്ചുകളിലും മോശമല്ലാത്ത വിളവാണ് ലഭിച്ചത്.
ചിലയിടത്ത് നൂറുമേനിയും ലഭിച്ചു. 'വിഷുവിന് വിഷ രഹിത സംയോജിത പച്ചക്കറി' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് സമൃദ്ധമായ ഇടങ്ങളിൽ നേരത്തേ തന്നെ തുടങ്ങി.
കൃഷി ഗംഭീര വിജയമായ ശ്രീനാരായണപുരത്തെ പോഴങ്കാവ് ബ്രാഞ്ചിൽ മാർച്ച് മൂന്നാം വാരത്തിൽ തന്നെ വിളവെടുപ്പും വിൽപനയും തുടങ്ങിയിരുന്നു. ഇവിടെ ഫെബ്രുവരി 10ന് തൈകൾ നട്ട് ആരംഭിച്ച കൃഷി മാർച്ച് 18ന് ആദ്യ വിളവെടുപ്പ് നടത്തി. കുക്കംബർ, പീച്ചി, പടവലം, വഴുതനങ്ങ, തക്കാളി, ചീര, പാവക്ക എന്നിവ എല്ലാ ദിവസവും വിളവെടുക്കുകയാണ്. ഇതോടൊപ്പം മറ്റു പലയിനങ്ങളും കൃഷി ചെയ്യുന്ന ബ്രാഞ്ചുകളുമുണ്ട്. പാർട്ടി, കർഷകസംഘം പ്രവർത്തകരാണ് വിത്തും, തൈകളും നടലും നനയും പരിചരണവുമെല്ലാം നടത്തുന്നത്.
ബ്രാഞ്ചുകളിൽ ഉൽപാദിപ്പിക്കുന്ന വിഷരഹിത ജൈവ പച്ചക്കറിയാണ് ഏരിയയിലെ ലോക്കൽ തലങ്ങളിൽ ആരംഭിച്ച വിഷു-ഈസ്റ്റർ-റമദാൻ വിപണന കേന്ദ്രത്തിലെ മുഖ്യ ആകർഷകം. പച്ചക്കറി സ്വയംപര്യാപ്തതയിലേക്കുള്ള ചുവട് വെപ്പിനോടൊപ്പം സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുകയുമാണ് സംയോജിത കൃഷിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംരംഭത്തിന്‍റെ ഏരിയതല ചെയർമാൻ കൂടിയായ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.കെ. അബീദലി പറഞ്ഞു.
സി.പി.എം പച്ചക്കറി വിപണന കേന്ദ്രങ്ങൾക്ക് തുടക്കം
കൊടുങ്ങല്ലൂർ: സി.പി.എം കൊടുങ്ങല്ലൂർ ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെയും കർഷക സംഘത്തിന്‍റെയും നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതിയുടെ ഭാഗമായി 127 ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷിയിൽനിന്ന് വിളവെടുത്ത ഉൽപന്നങ്ങളാണ് സ്റ്റാളുകളിൽ വിൽക്കുന്നത്. പാർട്ടി പ്രവർത്തകരുടെയും മറ്റ് കൃഷിക്കാരുടെയും വീടുകളിൽനിന്ന് സംഭരിച്ച ഉൽപന്നങ്ങളും ലഭ്യമാണ്. പുറത്തുനിന്നുള്ള ഇനങ്ങളും വിൽപനക്കുണ്ട്.
നഗരസഭ ബസ് സ്റ്റാൻഡിലെ ചന്ത ഏരിയ സെക്രട്ടറി കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. ടി.പി. പ്രബേഷ് അധ്യക്ഷത വഹിച്ചു. കെ.ആർ. ജൈത്രൻ, ഷീല രാജ്കമൽ, അഡ്വ. അഷ്റഫ് സാബാൻ, സി.വി. ഉണ്ണികൃഷ്ണൻ, കെ.എം. സലിം എന്നിവർ സംസാരിച്ചു. പുല്ലൂറ്റ് നാരായണമംഗലം ജങ്ഷനിൽ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും എറിയാട് ചേരമാൻ മൈതാനിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജനും പി. വെമ്പല്ലൂർ കട്ടൻ ബസാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഗിരിജയും എസ്.എൻ പുരം മാർക്കറ്റിൽ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മോഹനനും പെരിഞ്ഞനം സെന്‍ററിൽ പഞ്ചായത്ത് പ്രസിഡന്‍റ് വിനീത മോഹൻദാസും കൂളിമുട്ടം പൊക്ലായിയിൽ പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്‍റ് ഇ.കെ. ബിജുവും മേത്തലയിൽ അഞ്ചപ്പാലം സെന്‍ററിൽ ടൗൺ സഹകരണ ബാങ്ക് ചെയർമാൻ വി.കെ. ബാലചന്ദ്രനും അഴീക്കോട് പുത്തൻപള്ളി ഭാഗത്ത് ബ്ലോക്ക് പഞ്ചായത്ത് മെംബർ നൗഷാദ് കറുകപ്പാടത്തും എടവിലങ്ങ് ചന്തയിൽ ബോക്ക് പഞ്ചായത്ത് മെംബർ അഡ്വ. മോനിഷയും വിപണന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. മതിലകം സെന്‍ററിൽ ലോക്കൽ സെക്രട്ടറി പി.എച്ച്. അമീർ നേതൃത്വം നൽകി.