ശ്രീനാരായണപുരത്ത് സി.പി.എമ്മും സി.ഐ.ടി.യുവും തുറന്ന പോരിൽ
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് സി.പി.എമ്മും സി.ഐ.ടിയുവും തുറന്ന പോരിൽ. കെ.എസ്.ഇ.ബിയിലെ സി.ഐ.ടി.യു സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനോടൊപ്പം എ.ഐ.ടി.യു.സി ഒഴികെയുള്ള മറ്റു സംഘടനകളുമുണ്ട്. ഇരുപക്ഷവും തെരുവിൽ പൊതു യോഗങ്ങൾ നടത്തി ആരോപണ പ്രത്യാരോപണങ്ങളും കുറ്റപ്പെടുത്തലും നടത്തിയതോടെ പോരിന്‍റെ ചൂട് കൂടിയിരിക്കുകയാണ്.
ബുധനാഴ്ച രണ്ട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ ഉണ്ടായ കൈയേറ്റത്തെ തുടർന്നാണ് സി.ഐ.ടി.യുവും സി.പി.എമ്മും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജീവനക്കാരെ മർദിക്കുകയും അവർ സഞ്ചരിച്ചിരുന്ന ടൂ വീലറിന്‍റെ താക്കോൽ ഊരിയെടുക്കുകയും ചെയ്ത സി.പി.എം പതിയാശ്ശേരി ബ്രാഞ്ച് സെക്രട്ടറി സിയാദ് അലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്നേ ദിവസം സി.ഐ.ടി.യുവും മറ്റ് സംഘടന പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ വ്യാഴാഴ്ചയും കെ.എസ്.ഇ.ബി ജീവനക്കാരനെ ഒരാൾ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. ആക്രമണത്തിനിരയായ ജീവനക്കാരനും സി.ഐ.ടി.യു അംഗമാണ്.
പൊലീസ് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ജീവനക്കാർക്കിടയിൽ ശക്തമായ പരാതി ഉയർന്നിട്ടുണ്ട്. തൊഴിൽ ചെയ്യാൻ സാഹചര്യം സൃഷ്ടിക്കണമെന്നും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പിലെ വിവിധ തൊഴിലാളി സംഘടനകൾ വെള്ളിയാഴ്ച രാവിലെ ശ്രീനാരായണപുരം സെന്ററിൽ പ്രതിഷേധ യോഗം നടത്തി.
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരിലൊരാളുമായ ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന ജോയന്റ് സെക്രട്ടറി മനോജ്, ഡിവിഷൻ സെക്രട്ടറി ടി.കെ. സജ്ജയൻ, പ്രസിഡന്‍റ് പി. സന്തോഷ് കുമാർ, കെ.പി. ഡേവീസ്, വിവിധ ട്രേഡ് യൂനിയൻ ഭാരവാഹികളായ പ്രേംലാൽ (ഐ.എൻ.ടി.യു.സി), സുനിൽ (ബി.എം.എസ്), രാജീവൻ (എ.ഐ.പി.എഫ്) എന്നിവർ സംസാരിച്ചു.
അതേസമയം കെ.എസ്.ഇ.ബി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ജനകീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് ശ്രീനാരായണപുരത്ത് പ്രവർത്തിക്കുന്ന മതിലകം സെക്ഷൻ ഓഫിസിനു മുമ്പിൽ സി.പി.എം പതിയാശേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗം ടി.എൻ. ഹനായ് ഉദ്ഘാടനം ചെയ്തു.
വെമ്പലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷറഫ്, ലോക്കൽ സെക്രട്ടറി എം.യു. സജീവൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ. ബഷീർ, സ്റ്ററിൻ ലാൽ, ജയ സുനിൽ രാജ്, ഉഷ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.