കുത്തിവെച്ച് തുരത്താം; വിവിധയിടങ്ങളിൽ കോവിഡ് വാക്സിനേഷൻ മെഗ ക്യാമ്പ്
text_fieldsഎസ്.എൻ. പുരത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന യോഗം
കൊടുങ്ങല്ലൂർ: കോവിഡ് വാക്സിനേഷൻ മെഗ ക്യാമ്പ് പതിയാശ്ശേരിയിൽ. കോവിഡ് രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശ്രീനാരായണപുരം പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കാനും 45 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകാനും പ്രസിഡൻറ് എം.എസ്. മോഹനെൻറ അധ്യക്ഷതയില്‍ പഞ്ചായത്ത് ഓഫിസില്‍ പ്രത്യേക യോഗം തീരുമാനിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.എ. നൗഷാദ്, സെക്രട്ടറി കെ.എസ്. രാമദാസ്, വാർഡ് മെംബര്‍മാരായ ജിബിമോള്‍, രേഷ്മ, കെ.ആർ. രാജേഷ്, സെറീന, സജിത, പഞ്ചായത്ത് ജീവനക്കാരി നിഷ ആരോഗ്യപ്രവര്‍ത്തകരായ സിന്‍സിയ, സിന്ധു, ആഷിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻറ് ചെയർമാനായും മെഡിക്കൽ ഓഫിസർ ഡോ. ഗായത്രി കൺവീനറായും പഞ്ചായത്തുതല സമിതി രൂപവത്കരിച്ചു. ആദ്യഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് നല്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് രണ്ടാംഘട്ടത്തില്‍ പഞ്ചായത്തിലെ 45 വയസ്സിനു മുകളിലുള്ളവർക്ക് വാർഡ്തലത്തിൽ രജിസ്ട്രേഷൻ നടത്താൻ പ്രത്യേക സമിതി പ്രവർത്തനം ആരംഭിച്ചു.
ഏപ്രിൽ 12ന് പി.വെമ്പല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തവരും പരിയാശ്ശേരിയിലുള്ള ക്യാമ്പിലെത്തി വാക്സിന് സ്വീകരിക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു. പതിയാശ്ശേരി ക്യാമ്പിന് പുറമെ ആലയിലും പോഴങ്കാവിലും വാക്സിനേഷൻ ക്യാമ്പ് നടത്താൻ യോഗം തീരുമാനിച്ചു.ചാലക്കുടി: മുനിസിപ്പാലിറ്റി പ്രദേശത്തെ 45 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച 17 മുതൽ 36 വരെ വാർഡുകളിൽ ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ മെഗ വാക്സിനേഷൻ ക്യാമ്പ് നടത്തപ്പെടുന്നു. വാക്സിനേഷൻ ആവശ്യമുള്ളവർ കൗൺസിലർ, ആശ പ്രവർത്തകർ എന്നിവരെ ബന്ധപ്പെടേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ അറിയിച്ചു.
മറ്റത്തൂരില്‍ എട്ടുപേര്‍ക്ക് കോവിഡ്
മറ്റത്തൂര്‍: പഞ്ചായത്തില്‍ വെള്ളിയാഴ്ച എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കിഴക്കേ കോടാലി വാര്‍ഡില്‍ മൂന്നുപേര്‍ക്കും കോപ്ലിപ്പാടം വാര്‍ഡില്‍ രണ്ടുപേര്‍ക്കും കൊരേച്ചാല്‍, വെള്ളിക്കുളങ്ങര, മാങ്കുറ്റിപ്പാടം വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1572 ആയി. 1539 പേര് രോഗമുക്തരായി. നേടി. 33 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 10.
ചാലക്കുടിയിൽ 22 പേർക്ക്
ചാലക്കുടി: ചാലക്കുടിയിൽ 22 പേർക്ക് കോവിഡ് പോസിറ്റിവായി. 20 പേർ നഗരസഭ അതിർത്തിയിൽ ഉള്ളവരാണ്. രണ്ടുപേർ കൊരട്ടി പഞ്ചായത്തിലുള്ളവരും. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ 54 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തി.
കൊടകരയില്‍ നാലുപേര്‍ക്ക്
കൊടകര: പഞ്ചായത്തില്‍ വെള്ളിയാഴ്ച നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുലിപ്പാറകുന്ന് വാര്‍ഡില്‍ രണ്ടുപേര്‍ക്കും പേരാമ്പ്ര വാര്‍ഡില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1068 ആയി. ഇതില്‍ 1050 പേര് രോഗമുക്തി നേടി. 11 പേര് മരിച്ചു. 18 പേര് ചികിത്സയിലാണ്.