തീരദേശ ആവാസ വ്യവസ്ഥ പുനഃസ്ഥാപന പദ്ധതി രണ്ടാം വർഷത്തിലേക്ക്
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിവരുന്ന തീരദേശ ആവാസ വ്യവസ്ഥ പുനഃസ്ഥാപന പദ്ധതി രണ്ടാം വർഷത്തിലേക്ക്.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷനും എം.ഇ.എസ് അസ്മാബി കോളജും സംയുക്തമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വാർഷിക സമ്മേളനവും രണ്ടാംഘട്ട പദ്ധതിയും അസ്മാബി കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ. ബിജു മുഖ്യാതിഥിയായിരുന്നു. പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന ഡോ. അമിതാബച്ചൻ പദ്ധതിയുടെ ഒരു വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ആവാസവ്യവസ്ഥ സംരക്ഷണം വിജയകരമായി നടത്തിവരുന്ന 25ഓളം വനിതകളെ ഓണക്കോടി നൽകി ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ്, ബ്ലോക്ക് പഞ്ചായത്ത് ശോഭന, ജോയിൻ ബി.ഡി.ഒ ആംബ്രോസ് മൈക്കിൾ, പഞ്ചായത്ത് അസി. സെക്രട്ടറി എ. രതി എന്നിവർ സംസാരിച്ചു.