കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
text_fieldsമതിലകം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷം
കൊടുങ്ങല്ലൂർ: കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മതിലകം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്.ഐയും മൂന്ന് പൊലീസുകാരും ഉൾപ്പെടെ 16 പേർക്ക് പരിക്ക്.സംഘർഷവുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്കെതിരെ കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാർച്ചിനെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ടും സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് നരനായാട്ട് നടത്തുന്നുവെന്ന് ആരോപിച്ചുമായിരുന്നു മാർച്ച്.
പള്ളി വളവിൽനിന്ന് ആരംഭിച്ച മാർച്ച് മതിലകം സെൻററിൽ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗം നടന്നു.ധർണക്കുശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പിന്നീട് സമരക്കാരിൽ ചിലർ പിറകിൽ നിന്ന പൊലീസുകാർക്കുനേരെ തിരിഞ്ഞു. ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് എസ്.എൻ.പുരം മണ്ഡലം പ്രസിഡൻറ് വാണി പ്രയാഗ്, കയ്പമംഗലം മണ്ഡലം പ്രസിഡൻറ് പി.എ. അനസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇവർ മൂന്നുപേർ ഉൾപ്പെടെ പരിക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ മതിലകം എസ്.ഐ സൂരജ്, വനിത എസ്.സി.പി.ഒമാരായ മെഹറുനിസ, സൈറാബാനു, സിന്ധു ജോസഫ് എന്നിവരും ചികിത്സ തേടി. ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.
മാർച്ച് ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സജയ് വയനപ്പിള്ളി അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.എഫ്. ഡൊമിനിക്, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, പി.എം.എ. ജബ്ബാർ, അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, ഒ.എ. ജെൻട്രിൻ, സുനിൽ പി. മേനോൻ എന്നിവർ സംസാരിച്ചു.