സി.ഐ.ടി.യു ജില്ല സമ്മേളനം 29 മുതൽ കൊടുങ്ങല്ലൂരിൽ
text_fieldsകൊടുങ്ങല്ലൂർ: സി.ഐ.ടി.യു ജില്ല സമ്മേളനം ഒക്ടോബർ 29, 30, 31 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം 29, 30 തീയതികളിൽ ടൗൺഹാളിലെ കെ.വി. പീതാംബരൻ നഗറിലും പൊതുസമ്മേളനം 31ന് നഗരമധ്യത്തിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിലെ കെ.വി. ജോസ് നഗറിലും നടക്കും.
പ്രതിനിധി സമ്മേളനം 29ന് രാവിലെ 9.30ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. 129 ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് 100 വനിതകളടക്കം 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 31ന് വൈകിട്ട് നാലിന് 15,000 തൊഴിലാളികളുടെ റാലി നടക്കും.
നാല് കേന്ദ്രങ്ങളിൽനിന്നാണ് പ്രകടനം ആരംഭിക്കുക. പൊതുസമ്മേളനം സി.ഐ.ടി.യു നേതാവ് കൂടിയായ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരജാഥയുടെ ഉദ്ഘാടനം 27ന് വൈകീട്ട് അഞ്ചിന് മാളയിൽ എൻ.കെ. വാസു സ്മൃതി മണ്ഡപത്തിൽ സി.ഐ.ടി.യു കേന്ദ്ര ജനറൽ കൗൺസിൽ അംഗം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യും.
പതാക ജാഥ 28ന് രാവിലെ ഒമ്പതിന് പെരിഞ്ഞനം വി.കെ. ഗോപാലൻ സ്മൃതി മണ്ഡപത്തിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും. കൊടിമരം ജില്ല പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എയും പതാക ജില്ല സെക്രട്ടറി യു.പി. ജോസഫും ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ പതാക ഉയർത്തും.
വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, സ്വാഗതസംഘം ഭാരവാഹികളായ പി.കെ. ചന്ദ്രശേഖരൻ, എ.എസ്. സിദ്ധാർഥൻ, മുഷ്താക്ക് അലി, എം.ജി. കിരൺ, പി.ജെ. ജോൺസൺ എന്നിവർ പങ്കെടുത്തു.