കൊടുങ്ങല്ലൂർ കുരുംബക്കാവിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ അറുത്തു
text_fieldsകൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവ വേളയിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ അറുത്തു. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ശനിയാഴ്ച രാവിലെ ഏഴോടെയാണ് കോഴിയെ കഴുത്തറുത്ത് രക്തം വീഴ്ത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തൃശൂർ പുത്തൂർ ക്രിസ്റ്റോ എന്ന ആതിഥ്യനാഥ് സുരേന്ദ്രൻ (26), മൂർക്കനൂർ തണ്ടാശ്ശേരി സുനിൽ (34) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ഇരിങ്ങാലക്കുട ചങ്ങമ്പള്ളി കളരിയിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
വടക്കെ നടയിലെ കോഴിക്കല്ലിനരികെ ഒരാൾ പ്രാർഥിച്ച് നിലകൊണ്ടപ്പോൾ രണ്ടാമൻ കോഴിക്കല്ലിൽ കോഴിയെ അറുക്കുകയായിരുന്നു. ദൃശ്യം മൊബൈൽ ഫോൺ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പറയുന്നു. ക്ഷേത്രത്തിൽ ജന്തുബലി നിരോധന നിയമപ്രകാരം കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. തുടർന്നാണ് ഇപ്പോഴത്തെ കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുന്നത്. ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടി അതിൽ കോഴികളെ സമർപ്പിക്കുന്നതാണ് ചടങ്ങ്. കഴിഞ്ഞ വർഷവും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു.