വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച കേസ്: പ്രതി പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ശങ്കുബസാർ പറമ്പിൽ സുരേഷാണ് (47) പിടിയിലായത്. ഇക്കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം.
എടവിലങ്ങ് കാര പഞ്ചായത്ത് കുളം സ്വദേശിയായ 44കാരിയാണ് ആക്രമിക്കപ്പെട്ടത്.കാര പഞ്ചായത്ത് കുളത്തിന് സമീപം വെച്ച് വീട്ടമ്മയുടെ മുഖത്തേക്ക് ഇയാൾ തിന്നർ ഒഴിക്കുകയായിരുന്നു. സുരേഷുമായി സൗഹൃദത്തിലായിരുന്ന വീട്ടമ്മ വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന സുരേഷിനെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച അന്വേഷണത്തിനൊടുവിൽ കൊടകര മറ്റത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നിർദേശപ്രകാരം സി.ഐ ബ്രിജുകുമാർ, എസ്.ഐ കെ.എസ്. സൂരജ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, ചഞ്ചൽ, അനസ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.