മത്സ്യത്തൊഴിലാളിയെ ആക്രമിച്ച കേസ്: നാലുപേർ അറസ്റ്റിൽ
text_fieldsമതിലകം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
കൊടുങ്ങല്ലൂർ: മതിലകം കുളിമുട്ടം ഭജനമഠത്ത് മത്സ്യത്തൊഴിലാളിയെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളിലെ പ്രതി ഭജനമഠം സ്വദേശി ഇളയരാം പുരയ്ക്കൽ രാഹുൽ രാജ് (27), പെരിഞ്ഞനം വെസ്റ്റ് സ്വദേശികളായ തൃപ്പുണത്ത് വീട്ടിൽ വിനു എന്ന വിവേക് (22), തെക്കിനിയേടത്ത് വീട്ടിൽ അച്ചുശിവ എന്ന സുരേഷ് (26), ഭജനമഠം സ്വദേശി രാമത്ത് വീട്ടിൽ ചക്കര എന്ന ദിലീപ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം വെസ്റ്റ് സ്വദേശി മുണ്ടേങ്ങാട്ട് വീട്ടിൽ സുരഭിനാണ് (33) ആക്രമണത്തിനിരയായത്. വൈകീട്ട് ഏേഴാടെ ബീച്ചിലെത്തിയ സുരഭിനെ മുൻ വൈരാഗ്യത്തെ തുടർന്ന് അഞ്ചംഗ സംഘം തടഞ്ഞു നിർത്തി മർദിച്ചുവെന്നാണ് കേസ്.
കരിങ്കല്ല് കൊണ്ടുള്ള അടിയേറ്റ് തലക്ക് ഗുരുതര പരിക്കേറ്റ സുരഭിൻ കൊടുങ്ങല്ലൂർ മെഡിക്കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഒരാളെ കൂടി പിടികൂടാനുണ്ട്. രണ്ടാം പ്രതി രാഹുൽ രാജിന് വധശ്രമമുൾപ്പെടെ പതിനാലോളം കേസുകളുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി. മതിലകം എസ്.എച്ച്.ഒ വിനു, എസ്.ഐ.മാരായ വിപിൻ വേണുഗോപാൽ, സുജിത്ത്, സീനിയർ സി.പി.ഒ വിനയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.